വവ്വാലിനെ ശല്യപ്പെടുത്താതിരിക്കാന്‍ പടക്കം പോലും പൊട്ടിക്കാറില്ല; എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ ആകെ മാറി

ചെന്നൈ: കേരളത്തില്‍ നിപ്പ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതോടെ വവ്വാലുകളെ കാണുമ്പോള്‍ തന്നെ എല്ലാവര്‍ക്കും പേടിയാണ്. വവ്വാലിലൂടെയല്ല വൈറസ് പടരുന്നത് എന്നൊക്കെ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെങ്കിലും ഇപ്പോഴും ഭീതി വിട്ടുമാറിയിട്ടില്ല. എന്നാല്‍ ഇതേ സമയം മറ്റൊരു സ്ഥലത്ത് സംഭവിക്കുന്നത് അറിഞ്ഞോ..? കേരളത്തിലെ നിപ്പ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ വിരുദുനഗറിലെ കാഴുപെരുംപക്കം ഗ്രാമവാസികളുടെ ഉള്ളിലും ഇപ്പോള്‍ ഭീതിയാണ്. കാരണം നിപ്പ വൈറസ് വാഹകര്‍ എന്നു പറയപ്പെടുന്ന പഴംതീനി വവ്വാലുകള്‍ അവരുടെ ആരാധനാമൂര്‍ത്തികളാണ്.

പഴംതീനി വവ്വാലുകളെ ശുഭലക്ഷണമായി കണക്കാക്കുന്ന ഗ്രാമത്തില്‍ എവിടെ തിരിഞ്ഞാലും അവയെ കൂട്ടമായി കാണാം. ഇവയ്ക്കു ശല്യമാകുമെന്നു ഭയന്ന് ദീപാവലിക്കോ ഉല്‍സവത്തിനോ ഒന്നും നാട്ടുകാര്‍ പടക്കം പൊട്ടിക്കാറുമില്ല.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന നിപ്പ വാര്‍ത്തകളും ഗ്രാമവാസികളെ അസ്വസ്ഥരാക്കുന്നുണ്ട്. ഭീതിയകറ്റാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ഇടപെടണമെന്നാണ് ആവശ്യം. പ്രാഥമിക പരിശോധന നടത്തിയതില്‍ നിപ്പ വൈറസ് സാന്നിധ്യം ഇല്ലെന്നും ആശങ്കയകറ്റാന്‍ കാഴുപെരുംപക്കത്ത് സമ്പൂര്‍ണ മെഡിക്കല്‍ ക്യാംപ് നടത്തുമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

SHARE