നിപ്പാ വൈറസില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണം, ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കും:പിണറായി

തിരുവനന്തപുരം: നിപ്പാ വൈറസ് ബാധയ്ക്ക് എതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് ഭീതി നിലനില്‍ക്കുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. നിപ്പാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷിയോഗത്തിന് അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിപ്പാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടന്നത് നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകത്ത് എവിടെയുളളതിനേക്കാളും വേഗത്തില്‍ സംസ്ഥാനത്ത് നിപ്പയെ പ്രതിരോധിക്കാന്‍ കഴിഞ്ഞു.നിപ്പാ വൈറസ് ബാധയ്ക്ക് രണ്ടാമതൊരു സ്രോതസ്സില്ല.
അതുകൊണ്ടുതന്നെ ആശങ്കപ്പെടേണ്ടതില്ല. നിപ്പാ വൈറസ് ബാധിച്ചവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. നിപ്പാ രോഗം ബാധിച്ചവരുടെയും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരുടെയും കുടുംബങ്ങള്‍ക്ക് റേഷന്‍ കിറ്റ് വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിപ്പാ വൈറസ് ബാധയ്ക്ക് എതിരായ സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അഭിനന്ദിച്ചു. പകര്‍ച്ചവ്യാധികളെ തടയുന്നതിന് കൂട്ടായ പ്രവര്‍ത്തനം നടത്താന്‍ സര്‍ക്കാരിന് എല്ലാ സഹകരണവും പ്രതിപക്ഷ നേതാവ് വാഗ്ദാനം ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular