ഒന്‍പതുമണി ചര്‍ച്ച നടത്തുന്ന ചിലര്‍ വിധികര്‍ത്താക്കളാകുന്നു, ചെങ്ങന്നൂരില്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെന്ന് പിണറായി

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കുനേരെ വീണ്ടും വിമര്‍ശനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചെങ്ങന്നൂരില്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെന്നും ഒന്‍പതുമണി ചര്‍ച്ച നടത്തുന്ന ചിലര്‍ വിധികര്‍ത്താക്കളാകുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.

രാജ്യത്ത് മാധ്യമങ്ങളെ വിലയ്‌ക്കെടുത്ത് പ്രചാരണായുധമാക്കാന്‍ ബിജെപി ശ്രമിച്ചുവരികയാണ്. സംസ്ഥാനത്തും അത്തരം ശ്രമങ്ങളുണ്ടായി. ചെങ്ങന്നൂരില്‍ മാധ്യമങ്ങളെ ഉപയോഗിച്ച് എല്‍ഡിഎഫിനെ തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടന്നു. ഒന്‍പതുമണി ചര്‍ച്ച നടത്തുന്ന ചിലര്‍ വിധികര്‍ത്താക്കളാകുകയാണ്. ചെങ്ങന്നൂരില്‍ സര്‍ക്കാരിനു ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കാന്‍ പോകുന്നു എന്നായിരുന്നു പ്രഖ്യാപനം- മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ മാധ്യമ ചര്‍ച്ചകള്‍ കാണുന്നത് സിനിമ കാണുന്ന ലാഘവത്തോടെയാണെന്നും പിണറായി ആരോപിച്ചു.

ഇത് ആദ്യമായല്ല മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്കുനേരെ പടവാളെടുക്കുന്നത്. നാടിനെയാകെ അപമാനിക്കനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് കെവിന്‍ വധത്തില്‍ പ്രതികരിക്കുന്നതിനായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പിണറായി ആരോപിച്ചിരുന്നു. മാധ്യമങ്ങള്‍ മാധ്യമ ധര്‍മമാണു ചെയ്യേണ്ടതെന്നും ഇപ്പോള്‍ അതിനു പകരം തെറ്റായ കാര്യങ്ങളാണ് ചെയ്യുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.

Similar Articles

Comments

Advertismentspot_img

Most Popular