പിഞ്ചുകുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത് വടക്കാഞ്ചേരി സ്വദേശികള്‍; മാതാപിതാക്കളെ കണ്ടെത്താന്‍ സഹായകമായത് സി.സി.ടി.വി ദൃശ്യങ്ങള്‍

കൊച്ചി: പിഞ്ചുകുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ മാതാപിതാക്കളെ കണ്ടെത്തി. വടക്കാഞ്ചേരി സ്വദേശി ബിറ്റോയെയാണ് എളമക്കര പൊലീസ് പിടികൂടിയത്. മൂന്നു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ മാതാപിതാക്കള്‍ വടക്കാഞ്ചേരി സ്വദേശികളാണ്. സംഭവത്തില്‍ എളമക്കര പൊലീസ് കേസെടുത്തു. ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയിലെ പാരിഷ് ഹാളിലാണ് കുഞ്ഞിനെ ദമ്പതികള്‍ ഇന്നലെ ഉപേക്ഷിച്ചത്.

കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പള്ളി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. എളമക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റി. ദമ്പതികള്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയുന്ന ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.

പള്ളിയിലെ കുമ്പസാര കൂടിന് സമീപമാണ് ദമ്പതികള്‍ കുഞ്ഞിനെ ഉപേക്ഷിച്ചത്. രാത്രി എട്ടുമണിക്കായിരുന്നു സംഭവം. ഇവര്‍ക്കൊപ്പം മൂന്ന് വയസ് പ്രായം തോന്നിക്കുന്ന മറ്റൊരു കുട്ടിയുമുണ്ടായിരുന്നു.സമീപത്തൊന്നും ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കുഞ്ഞിനെ ഇവര്‍ ഉപേക്ഷിച്ചത്. ഉപേക്ഷിക്കുന്നതിന് മുമ്പ് യുവാവ് കുഞ്ഞിനെ ചുംബിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

SHARE