കെവിനെ പുഴയില്‍ വീഴ്ത്തി കൊല്ലാന്‍ പ്രതികള്‍ ലക്ഷ്യമിട്ടിരിന്നു!!! തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത് നീനുവിന്റെ പിതാവ് ചാക്കോ, അക്രമികളെ നയിച്ചത് സഹോദരന്‍ സാനു

കോട്ടയം: കെവിനെ പുഴയില്‍ വീഴ്ത്തി കൊല്ലാന്‍ പ്രതികള്‍ ലക്ഷ്യമിട്ടിരുന്നുവെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. നീനുവിന്റെ പിതാവ് ചാക്കോയാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത്. അക്രമികളെ നയിച്ചത് നീനുവിന്റെ സഹോദരന്‍ സാനുവാണ്. ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

‘കഴിഞ്ഞ ഞായറാഴ്ച മാന്നാനത്തെ അനീഷിന്റെ വീട്ടില്‍നിന്ന് സംഘം തട്ടിയെടുത്ത കെവിന്‍ തെന്മലയ്ക്കു സമീപം ചാലിയേക്കരയില്‍വച്ചു കാറില്‍നിന്ന് ഇറങ്ങിയോടി. അക്രമിസംഘം കെവിനെ പിന്തുടര്‍ന്നു. കെവിന്‍ ഓടുന്നത് വലിയ കുഴിയും അതിന്റെ അപ്പുറം നല്ല ഒഴുക്കും ആഴവുമുള്ള ചാലിയേക്കര ആറും ഉള്ള സ്ഥലത്തേക്കാണെന്നു ഗുണ്ടാസംഘത്തിന് അറിയാമായിരുന്നു.

പ്രാണരക്ഷാര്‍ഥം ഓടിയ കെവിന്‍ പുഴയില്‍ വീഴുമെന്നും മരിക്കുമെന്നും അറിഞ്ഞുകൊണ്ട്, ഗുണ്ടാസംഘം കെവിനെ പിന്തുടരുന്നതു നിര്‍ത്തി. മുന്നോട്ടോടുന്ന കെവിന്‍ പുഴയില്‍ വീണു മരിക്കുമെന്ന് അറിഞ്ഞു തന്നെയാണു പ്രതികള്‍ പിന്‍വാങ്ങിയത്’, റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. കെവിനെ തട്ടിക്കൊണ്ടുപോയ സംഘം പുഴയില്‍ മുക്കിക്കൊന്നുവെന്ന സംശയം നിലനില്‍ക്കേയാണു പൊലീസ് റിപ്പോര്‍ട്ട്. രക്ഷപ്പെട്ടു പോകാനുള്ള സാധ്യതയില്ലെന്നു സ്ഥലപരിശോധന നടത്തിയപ്പോഴും പൊലീസ് പറഞ്ഞിരുന്നു.

നീനുവിനെ വിവാഹം കഴിക്കാനുള്ള കെവിന്റ ശ്രമം തടയുന്നതിനാണ് ഒന്നാം പ്രതി സാനുവും അഞ്ചാം പ്രതി ചാക്കോയും കെവിനെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി: ഗിരീഷ് പി.സാരഥി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular