നിങ്ങള്‍ ആരാണ്?’….. ‘ഇത് ഞാനാണ് രജനീകാന്ത്’: തുത്തുക്കുടി വിഷയത്തില്‍ രജനിയോട് അമര്‍ഷം രേഖപ്പെടുത്തി യുവാവിന്റെ ചോദ്യം; വീഡിയോ വൈറല്‍

ചെന്നൈ: രജനീകാന്തെന്ന മനുഷ്യനെ തമിഴ് ജനത ഇപ്പോള്‍ സ്നേഹത്തോടെയല്ല മറിച്ച് ദേഷ്യത്തോടെയാണ് കാണുന്നത്.കഴിഞ്ഞ ദിവസം, തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരായ പ്രതിഷേധ സമരത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ കാണാന്‍ രജനീകാന്ത് എത്തിയിരുന്നു. ഇതിനിടെ ഉണ്ടായ സംഭവങ്ങളാണ് താരത്തെ തമിഴ് ജനതയുടെ രോഷത്തിന് പാത്രമായിരിക്കുന്നത്.

പൊലീസ് വെടിവയ്പില്‍ പരുക്കേറ്റ പ്രതിഷേധക്കാരെ കാണുന്നതിനിടെ ഒരു യുവാവുമായുണ്ടായ സംഭാഷണമാണ് കാരണം. തനിക്കരികിലെത്തിയ രജനിയോട് യുവാക്കളിലൊരാള്‍ ‘നിങ്ങള്‍ ആരാണ്’ എന്ന് ചോദിക്കുകയായിരുന്നു. അമര്‍ഷവും വേദനയുമെല്ലാം കൂടിക്കലര്‍ന്നതായിരുന്നു യുവാവിന്റെ ചോദ്യം. ഇതിന് ‘ഇത് ഞാനാണ് രജനീകാന്ത്’ എന്ന് മറുപടി പറഞ്ഞു കൊണ്ടു പോകുന്ന രജനിയുടെ വീഡിയോ വൈറലായി മാറുകയായിരുന്നു.

കെ.സന്തോഷ് എന്ന യുവാവാണ് രജനിയോട് ചോദ്യം ചോദിച്ചത്. കഴിഞ്ഞ നൂറ് ദിവസമായി തങ്ങള്‍ സമരമുഖത്തുണ്ടെന്നും പൊലീസ് വെടിവയ്പില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തു. എന്നാല്‍ ഇതുവരെ തങ്ങള്‍ക്ക് പിന്തുണ അറിയിച്ച് രംഗത്ത് വരാതെ എല്ലാം കഴിഞ്ഞ് എട്ട് ദിവസം പിന്നിടുമ്പോള്‍ എന്തിന് വരണമെന്നാണ് സന്തോഷ് ചോദിക്കുന്നത്.

പ്ലാന്റ് പൂട്ടാന്‍ ഉത്തരവ് വന്നതിന് ശേഷം മാത്രമാണ് രജനി വന്നതെന്നും അതിന് കാരണം വരുന്ന ഏഴാം തീയതി അദ്ദേഹത്തിന്റെ ചിത്രമായ കാല റിലീസ് ആകുന്നത് കൊണ്ടാണെന്നും സന്തോഷ് പറയുന്നു. ഇതാണ് തന്നെ കോപാകുലനാക്കിയതെന്നും രജനിയോട് നിങ്ങള്‍ ആരാണെന്ന് ചോദിപ്പിച്ചതെന്നും സന്തോഷ് പറയുന്നു.

സമരം ചെയ്യാനറിയുമെങ്കില്‍ ഞങ്ങളെ സംരക്ഷിക്കാന്‍ ഞങ്ങള്‍ക്ക് അറിയാം എന്നും സന്തോഷ് പറയുന്നു. അതേസമയം, ആശുപത്രി സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് രജനി നടത്തിയ പ്രതികരണവും വിവാദമായി മാറിയിരിക്കുകയാണ്.

അക്രമത്തിന് പിന്നില്‍ സാമൂഹ്യ വിരുദ്ധരാണെന്നും പൊലീസിനെതിരെ കല്ലെറിഞ്ഞതാണ് അക്രമത്തിന് കാരണമായതെന്നും രജനി പറഞ്ഞു. ‘പോരാട്ടം പോരാട്ടം’ എന്നു പറഞ്ഞ് നടന്നാല്‍ തമിഴ്‌നാട് ചുടുകാടാകുമെന്നും രജനി പറഞ്ഞു. ഇതോടെ സൂപ്പര്‍ താരത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സോഷ്യല്‍ മീഡിയയില്‍ ‘ഇറ്റ്സ് മീ രജനീകാന്ത്’ ഹാഷ്ടാഗ് ട്രെന്റായി മാറുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular