‘ഈ ശിക്ഷ 18ാം വയസുമുതല്‍ ബിജെപിയില്‍ പ്രവര്‍ത്തിച്ചതിന്’ ടി ഷര്‍ട്ടില്‍ ഭീഷണി കുറിപ്പെഴുതി വെച്ച ശേഷം ബിജെപി പ്രവര്‍ത്തകനെ കെട്ടിത്തൂക്കി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പിയില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ 18കാരനെ കെട്ടിത്തൂക്കി കൊന്നു. ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് ഇയാളെ കൊല ചെയ്തതെന്ന് ടി. ഷര്‍ട്ടില്‍ എഴുതിവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

’18ാം വയസുമുതല്‍ ബി.ജെ.പി രാഷ്ട്രീയം കളിച്ചതിനാണ് ഇത്. വോട്ട് ചെയ്ത അന്ന് മുതല്‍ നിന്നെ കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ഇന്ന് നീ മരിച്ചിരിക്കുന്നു.’ എന്നാണ് യുവാവിന്റെ ടി ഷര്‍ട്ടില്‍ എഴുതിവെച്ചിരിക്കുന്നത്.ത്രിലോചന്‍ മഹതോ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ബംഗാളിലെ ബലരാംപൂരിലെ പുരുലിയയിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അടുത്തിടെ ബംഗാളില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുവേണ്ടി സജീവമായി പ്രവര്‍ത്തിച്ചിരുന്നയാളാണ് ത്രിലോചന്‍ എന്ന് ബി.ജെ.പി പറയുന്നു. ‘ പുരുലിയ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഞങ്ങളുടെ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇന്നലെ അവര്‍ ത്രിലോചനെ തട്ടിക്കൊണ്ടുപോകുകയും ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു.’ ബി.ജെ.പി ജില്ലാ തലന്‍ വിദ്യാസാഗര്‍ ചക്രവര്‍ത്തി പറഞ്ഞു.

ബലരാംപൂര്‍ കോളജിലെ മൂന്നാംവര്‍ഷ ചരിത്രവിദ്യാര്‍ഥിയാണ് ത്രിലോചന്‍. ചൊവ്വാഴ്ച വൈകുന്നേരം സമീപത്തെ കടയില്‍ ഫോട്ടോകോപ്പിയെടുക്കാനായി പോയതായിരുന്നു. തനിക്ക് ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ടെന്ന് ആറുമണിയോടെ ത്രിലോചന്‍ സഹോദരന്‍ വിവേകാനന്ദയെ വിളിച്ച് അറിയിച്ചിരുന്നു. വൈകുന്നേരത്തോടെ ഇയാളെ കാണാതാവുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular