പ്രിയപ്പെട്ട കെവിന്‍, നീനയുടെ വീട്ടുകാര്‍ പറഞ്ഞത് പോലെ നിനക്ക് പണമില്ല, നല്ല വീടില്ല… പക്ഷെ സ്‌നേഹത്തിന് വേണ്ടി മാത്രം നിലകൊണ്ട ഒരു ഹൃദയം നിനക്കുണ്ടായിരുന്നു… യുവ മാധ്യമ പ്രവര്‍ത്തകയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിനെ തുടര്‍ന്ന് കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. സോഷ്യല്‍ മീഡിയയില്‍ അടക്കം സര്‍ക്കാരിനും പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. ഇതിനിടെ യുവ മാധ്യമപ്രവര്‍ത്തക ആര്‍ച്ചനയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്. പോലീസിനെയും സദാചാര ആങ്ങളമാരെയും നീതിപീഠത്തേയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ് ആര്‍ച്ചന. കൊന്ന് തീര്‍ക്കുന്ന പ്രണയപ്പക പൊറുക്കാന്‍ കഴിയില്ല..അതിന് കൂട്ട് നില്‍ക്കുന്ന കാക്കിയിട്ട ചില ചെന്നായ്ക്കളെയും വെറുതെ വിടരുത്.. വിശന്നിട്ട് ഒരു കപ്പകഷ്ണം മോഷ്ടിച്ചാല്‍ അവനെ കൂട്ടം ചേര്‍ന്ന് തല്ലിക്കൊല്ലാന്‍ ഒരുപാട് പേരുണ്ട് ഇവിടെ, ഒരു ചെറുക്കനും പെണ്ണും ഒരുമിച്ച് മാറിയിരുന്നാല്‍ ചോദ്യം ചെയ്യാനും ഒരുപാട് സദാചാര ഗുണ്ടകളുണ്ട് ഈ നാട്ടില്‍.. സാക്ഷരത കേരളം ഞെട്ടിത്തരിക്കാതെ തലകുമ്പിട്ടു നിന്നോളുവെന്നും ആര്‍ച്ചനയുടെ രോക്ഷപ്രകടനത്തില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

”ദുരഭിമാന കൊല ‘
പ്രണയിച്ചു…..വീട്ടുകാര്‍ എതിര്‍ത്തതിന്റെ പേരില്‍ വിവാഹം രജിസ്ട്രര്‍ ചെയ്തു…
അതിന് പെണ്ണിന്റെ വീട്ടുകാര്‍ , വീട്ടില്‍ അതിക്രമിച്ച് കയറി ചെറുക്കനെ തട്ടിക്കൊണ്ടു പോയി…
സംഭവം നടന്ന് 24 മണീക്കുറിനുള്ളില്‍ കോട്ടയം മാന്നാനം സ്വദേശി കെവിന്‍ (23) ന്റെ മൃതദേഹം കൊല്ലം തെന്മലയിലെ തോട്ടില്‍ നിന്നും കണ്ടെത്തി…
”അക്ഷരനഗരി ” എന്ന് അഭിമാനിക്കുന്ന കോട്ടയത്തിന്റെ മണ്ണില്‍ വന്ന്, പ്രണയിച്ചു എന്ന ഒറ്റ കാരണത്താല്‍ ഒരു ചെറുപ്പക്കാരന്റെ ജീവനെടുത്തിരിക്കുന്നു..
സാക്ഷരത കേരളം ഞെട്ടിത്തരിക്കാതെ തലകുമ്പിട്ടു നിന്നോളു..
ദൈവത്തിന്റെ സ്വന്തം നാടെന്ന് എക്കാലവും ഗീര്‍വാണം മുഴക്കുന്ന കേരളത്തില്‍ പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്കും പുരുഷനും ഇഷ്ട്ടമുള്ള ജീവിതം തിരഞ്ഞെടുക്കാനുള്ള അവകാശവും നിഷേധിക്കപ്പെട്ടിരിക്കുന്നു….
ഈ സംഭവം നടന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലായിരുന്നെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടും ഹാഷ് ടാഗ് അടിച്ചും തരംഗം സൃഷ്ട്ടിച്ചേനേ…
”കാണാതായ കെവിന്റെ ജീവന്‍ അപകടത്തിലാണെന്ന് ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി അറിയിച്ച പെണ്‍കുട്ടിയോടും കെവിന്റെ പിതാവിനോടും എസ്.ഐ പറഞ്ഞ മറുപടി മെഡിക്കല്‍ കോളേജില്‍ നടക്കുന്ന മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞിട്ട് ബാക്കി കാര്യങ്ങള്‍ അന്വേഷിക്കാമെന്നായിരുന്നു..
പെണ്‍കുട്ടി കരഞ്ഞ് നിലവിളിച്ചിട്ടും പൊലീസ് കരുണ കാട്ടിയില്ല..
ആ പരാതി കിട്ടിയ നിമിഷം തന്നെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നെങ്കില്‍ ആ യുവാവിന് ഈ അവസ്ഥ വരില്ലായിരുന്നു..
പുതുമണവാട്ടിയായിരിക്കെ ആ പെണ്‍കുട്ടിക്ക് വിധവയാകേണ്ടി വരില്ലായിരുന്നു….
23 വര്‍ഷം കഷ്ട്ടപ്പെട്ട് വളര്‍ത്തി, മകനെ കുറിച്ച് നെയ്തു കൂട്ടിയ കെവിന്റെ മാതാപിതാക്കളുടെ സ്വപ്നങ്ങള്‍ ഒരു നിമിഷം അസ്തമിക്കില്ലായിരുന്നു…
ഈ കേസില്‍ ബഹുമാനപ്പെട്ട ആഭ്യന്തര വകുപ്പിന്റെ ശക്തമായ ഇടപെടലുണ്ടാകണം…
ഗാന്ധിനഗര്‍ എസ്.ഐ യില്‍ നിന്നും തുടങ്ങി കെവിനെ കൊന്ന് തള്ളിയ കിരാതന്മാരില്‍ ഒരാളെ പോലും വെറുതെ വിടാതെ കൊലക്കുറ്റത്തിന് കേസെടുക്കണം..
കൊന്ന് തീര്‍ക്കുന്ന പ്രണയപ്പക പൊറുക്കാന്‍ കഴിയില്ല..അതിന് കൂട്ട് നില്‍ക്കുന്ന കാക്കിയിട്ട ചില ചെന്നായ്ക്കളെയും വെറുതെ വിടരുത്..
വിശന്നിട്ട് ഒരു കപ്പകഷ്ണം മോഷ്ടിച്ചാല്‍ അവനെ കൂട്ടം ചേര്‍ന്ന് തല്ലിക്കൊല്ലാന്‍ ഒരുപാട് പേരുണ്ട് ഇവിടെ, ഒരു ചെറുക്കനും പെണ്ണും ഒരുമിച്ച് മാറിയിരുന്നാല്‍ ചോദ്യം ചെയ്യാനും ഒരുപാട് സദാചാര ഗുണ്ടകളുണ്ട് ഈ നാട്ടില്‍..
എന്നാല്‍ നിഷ്പ്രയാസം ഒരു ചെറുപ്പക്കാരനെ ദുരഭിമാനത്തിന്റെ പേരില്‍ കൊന്നുതള്ളിയപ്പോള്‍, അതിനെതിരെ ചെറുവിരല്‍ അനക്കാന്‍ ആരുമില്ല..
പ്രിയപ്പെട്ട കെവിന്‍ നിന്നെ കാണാതായ വിവരം അറിഞ്ഞ നിമിഷം മുതല്‍ എന്റെ നെഞ്ച് പിടക്കുകയായിരുന്നു …
നീ എന്റെ സുഹൃത്തോ, സഹപാഠിയോ, കൂടെപ്പിറപ്പോ ആയിട്ടല്ല, നീ അകമറിഞ്ഞു അവള്‍ക്ക് നല്‍കിയ സ്‌നേഹത്തിന് നാളെ ചിലപ്പോള്‍ നിന്റെ ജീവന്‍ ബലി കൊടുക്കേണ്ടി വരുമെന്ന് എന്റെ ഉള്ളില്‍ ആരോ പറയുന്നുണ്ടായിരുന്നു..
എനിക്കും നിന്നെപ്പോലെ ഒരു കൂടെപ്പിറപ്പുണ്ട്… ഒരു നിമിഷം അവന്റെ സ്ഥാനത്ത് നിന്നെ കണ്ടത് കൊണ്ടാകാം ഈ ദുരന്തം അറിഞ്ഞപ്പോള്‍ മുതല്‍ ഉള്ള് ഉരുകുന്നത്…
പ്രിയപ്പെട്ട കെവിന്‍, നീനയുടെ വീട്ടുകാര്‍ പറഞ്ഞത് പോലെ നിനക്ക് പണമില്ല, നല്ല വീടില്ല….പക്ഷെ ഏതു നിമിഷവും സ്‌നേഹത്തിന് വേണ്ടി ജീവന്‍ ബലി കൊടുക്കേണ്ടി വരുമെന്ന് ഉറപ്പുണ്ടായിട്ടും, കൈവിടാതെ അവളെ ചേര്‍ത്തുപിടിച്ച ഒരു ഹൃദയം നിനക്കുണ്ടായിരുന്നു…
പരിശുദ്ധ സ്‌നേഹം നിറച്ച നിന്റെ ആ ഹൃദയം കൂടിയാണ് ആ കിരാതന്മാര്‍ ചോരയില്‍ ഉടച്ചു കളഞ്ഞത്…

??????????????????
Archana shaji….(Archa)

Similar Articles

Comments

Advertismentspot_img

Most Popular