ബോണ്ട് ചിത്രങ്ങളിലെ നായകന്‍ ഡാനിയല്‍ ക്രെയ്ഗിന്റെ പ്രതിഫലം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

ലണ്ടന്‍: ബോണ്ട് ചിത്രങ്ങളിലൂടെ പ്രശസ്തനായ നടനാണ് ഡാനിയല്‍ ക്രെയ്ഗ്. ക്രെയ്ഗിന്റെ പുതിയ ചിത്രത്തിന്റെ പ്രതിഫലം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ‘ബോണ്ട് 25’ല്‍ ഡാനിയല്‍ ക്രെയ്ഗിന് 50 മില്യണ്‍ പൗണ്ടാണ് പ്രതിഫലം ലഭിക്കുക. അതായത് ഏകദേശം 450 കോടി രൂപയാണ് ഒറ്റ ചിത്രത്തിനായി ക്രെയ്ഗിന് ലഭിക്കുക. കൂടാതെ നിര്‍മ്മാതാവായും അദ്ദേഹത്തിന് ക്രെഡിറ്റ് ലഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇത്രയും പ്രതിഫലം ലഭിച്ചാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരമായി ക്രെയ്ഗ് മാറും.

‘സ്പെക്ട്രാ 007’ ല്‍ തകര്‍ത്തഭിനയിച്ച ഡാനിയേല്‍ ക്രെയ്ഗ് വീണ്ടും ജെയിംസ് ബോണ്ടായി വെള്ളിത്തിരയിലെത്തുമെന്ന് കഴിഞ്ഞയാഴ്ചയാണ് സ്ഥിരീകരിച്ചത്. ഇതിനോടകം നാല് ചിത്രങ്ങളില്‍ ജെയിംസ് ബോണ്ടായി ഭാവപ്പകര്‍ച്ച നടത്തിയ ഡാനിയേല്‍ ക്രെയ്ഗ് വീണ്ടും ജെയിംസ് ബോണ്ടായി രംഗത്തെത്തുമ്പോള്‍ ഓസ്‌കര്‍ ജേതാവായ സുപ്രസിദ്ധ സംവിധായകന്‍ ഡാനി ബോയല്‍ പുതിയ ചിത്രം സംവിധാനം ചെയ്യുമെന്ന് ഉറപ്പായി.

പ്രശസ്ത ചിത്രമായ ‘സ്ലംഡോഗ് മില്യനെയര്‍’ സംവിധാനം ചെയ്ത ഡാനി ബോയലും ഡാനിയേല്‍ ക്രെയ്ഗും ഏറ്റവും പുതിയ ബോണ്ട് ചിത്രമായ ‘ബോണ്ട് 25’ല്‍ പ്രവര്‍ത്തിക്കുമെന്ന് ഇന്നലെ ട്വിറ്ററിലൂടെയാണ് അധികൃതര്‍ സ്ഥിരീകരിച്ചത്.

ഇനി ജെയിംസ് ബോണ്ട് വേഷത്തിലേക്കില്ലെന്ന് ക്രെയ്ഗ് നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ ആരാധകരുടെ അഭ്യര്‍ത്ഥനയെ മാനിച്ച് പിന്നീട് അദ്ദേഹം തന്റെ നിലപാട് മാറ്റി. അഞ്ചാമത്തെ ജെയിംസ് ബോണ്ട് ചിത്രത്തിലും ബോണ്ട് വേഷത്തില്‍ താന്‍ വെള്ളിത്തിരയിലെത്തുമെന്ന് ഒരു ചാനല്‍ ടോക് ഷോയില്‍ ക്രെയ്ഗ് നേരത്തെ സൂചന നല്‍കിയിരുന്നു.

പൈന്‍വുഡ് സ്റ്റുഡിയോയില്‍ ഈ വര്‍ഷം ഡിസംബറില്‍ ‘ബോണ്ട് 25’ന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. 2019 നവംബറില്‍ ഈ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ.

Similar Articles

Comments

Advertismentspot_img

Most Popular