കെവിന്‍ വധം: മുഖ്യപ്രതികളായ നീനുവിന്റെ പിതാവ് ചാക്കോയും സഹോദരന്‍ ഷാനുവും പോലീസില്‍ കീഴടങ്ങി..

കണ്ണൂര്‍: കെവിന്‍ വധക്കേസില്‍ പ്രധാന പ്രതികളായ നീനുവിന്റെ പിതാവ് ചാക്കോ ജോണും സഹോദരന്‍ ഷാനു ചാക്കോയും പൊലീസില്‍ കീഴടങ്ങി. കണ്ണൂര്‍ കരിക്കോട്ടക്കരി സ്റ്റേഷനിലാണ് ഇരുവരും കീഴടങ്ങിയത്. ചാക്കോയും ഷാനുവും ബംഗളൂരുവിലായിരുന്നു ഒളിവില്‍ കഴിഞ്ഞത്. പ്രതികളുടെ പാസ് പോര്‍ട്ട് പൊലീസ് പിടിച്ചെടുത്തു. ഇരുവരെയും കോട്ടയത്തേക്ക് കൊണ്ടുവരുന്നു.

കേസില്‍ ഒന്നാംപ്രതിയാണ് ഷാനു. പിതാവ് ചാക്കോ അഞ്ചാം പ്രതിയാണ്. ഇരുവരും ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലായത്.

കെവിന്റെ മരണവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ചാക്കോയും ഷാനുവും ജാമ്യഹര്‍ജിയില്‍ പറയുന്നുണ്ട്. കെവിന്‍ മകളെയാണ് വിവാഹം കഴിച്ചിരിക്കുന്നതെന്നും വിവാഹ ബന്ധം ശത്രുതയ്ക്ക് കാരണമല്ലെന്നും ചാക്കോ പറഞ്ഞു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഷാനും ചാക്കോയും ഹര്‍ജിയില്‍ പറയുന്നു.

14 പേരാണ് കേസിലെ പ്രതികള്‍. ചാക്കോയ്ക്കും രഹ്നയ്ക്കും ഗൂഢാലോചനയില്‍ പങ്കെന്ന് വ്യക്തമായതോടെയാണ് ഇവരെയും പ്രതിപ്പട്ടികയിലേക്ക് ചേര്‍ക്കുന്നത്. കെവിനെ അക്രമിച്ചത് ഇവരുടെ നിര്‍ദേശ പ്രകാരമാണോയെന്ന് അന്വേഷിക്കുന്നുണ്ട്. തട്ടിക്കൊണ്ട് പോയ കാര്‍ ഓടിച്ചിരുന്ന ഡി.വൈ.എഫ്.ഐനേതാവും നീനുവിന്റെ ബന്ധുവുമായി നിയാസ്, റിയാസ് എന്നിവരെ ഇന്നലെ വൈകിട്ട് തമിഴ്നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. റെനീസ്, സലാദ്, അപ്പു, ടിറ്റോ എന്നിവര്‍ക്കായി തിരച്ചില്‍ തുടരുന്നു.

അതേസമയം, കെവിന്റെ മരണം വെള്ളത്തില്‍ വീണതിന് ശേഷമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിലെ മുറിവുകള്‍ മരണത്തിന് കാരണമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കെവിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ട്. ശശീരത്തില്‍ ഇരുപതിലധികം മുറിവുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. കെവിന്റെ ജനനേന്ദ്രിയം ചതഞ്ഞിട്ടുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. ക്രൂരമായ മര്‍ദ്ദനം ഏറ്റിട്ടുണ്ടെന്നും പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട്.

Similar Articles

Comments

Advertismentspot_img

Most Popular