നീനുവിന്റെ മാതാപിതാക്കളും കെവിനെ തട്ടിക്കൊണ്ടുപോകാന്‍ നേതൃത്വം നല്‍കിയ സഹോദരനും വിവാഹം കഴിച്ചത് പ്രണയിച്ച്.. . !!!

കൊല്ലം: ദുരഭിമാനത്തിന്റെ പേരില്‍ യുവാവിനെ കൊലപ്പെടുത്തിയ കുടുംബത്തിന്റെ ചരിത്രം ഞെട്ടിക്കുന്നത്. നീനുവിന്റെ മാതാപിതാക്കളായ തെന്മല ഒറ്റക്കല്‍ സാനു ഭവനില്‍ ചാക്കോയുടേതും രഹന ബീവിയുടേതും പ്രണവിവാഹമായിരിന്നു. കാല്‍നൂറ്റാണ്ട് മുമ്പ് പ്രണയത്തില്‍ തുടങ്ങി ഇരുവരുടേയും ബന്ധം ദാമ്പത്യത്തിലെത്തില്‍ കലാശിക്കുകയായിരിന്നു. ഒറ്റക്കല്‍ സ്വദേശികളായിരുന്നു ഇരുവരും. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ നേതൃത്വം നല്‍കിയ നീനുവിന്റെ സഹോദരന്‍ സാനുവിന്റേതും പ്രണയവിവാഹം തന്നെയായിരിന്നു.

അന്നു രഹനയുടെ വീട്ടുകാര്‍ വിവാഹത്തിനു സമ്മതംമൂളിയപ്പോള്‍ ചാക്കോയുടെ വീട്ടുകാര്‍ എതിര്‍ത്തു. ഇതിന്റെ പേരില്‍ പിന്നീടു തെന്മല പൊലീസ് സ്റ്റേഷനില്‍ കേസുണ്ടായിരുന്നെന്നും സ്റ്റേഷനിലുണ്ടായ ഒത്തുതീര്‍പ്പിലൂടെയാണു വിവാഹം നടന്നതെന്നും നാട്ടുകാര്‍ ഓര്‍മിക്കുന്നു. ചാക്കോയുടെ ബന്ധുക്കള്‍ വിവാഹത്തില്‍ സഹകരിച്ചില്ല. ഇപ്പോഴും അവരുമായി ഈ വീട്ടുകാര്‍ക്കു വലിയ അടുപ്പമില്ല. രഹനയുടെ ബന്ധുക്കളുമായി സഹകരണം തുടര്‍ന്നു.

പിന്നീടു ചാക്കോ ജോലിക്കായി വിദേശത്തേക്കു പോയി. ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം രഹനയെയും കൊണ്ടുപോയി. ജോലി മതിയാക്കി നാട്ടില്‍വന്ന ചാക്കോ വീടിനു സമീപത്തു സ്റ്റേഷനറി കട തുടങ്ങി. കട നോക്കിനടത്തുന്നതു ഭാര്യയാണ്. ചാക്കോയുടെ മകനും നീനുവിന്റെ ജ്യേഷ്ഠസഹോദരനുമായ സാനു തിരുവനന്തപുരം സ്വദേശിനിയെ പ്രണയിച്ചു വിവാഹം കഴിക്കുകയായിരുന്നു. വിദേശത്തു ജോലിയുള്ള സാനു ഏതാനും ദിവസം മുന്‍പാണു നാട്ടിലെത്തിയത്.

തെന്മല ഒറ്റക്കല്‍ സാനു ഭവനില്‍ നീനു ചാക്കോ ബിരുദപഠനത്തിനാണു കോട്ടയത്തെത്തിയത്. അവിചാരിതമായി കെവിന്‍ പി. ജോസഫിനെ പരിചയപ്പെട്ടു. ഇരുവരും പ്രണയത്തിലായി. കോഴ്സ് കഴിഞ്ഞു നീനു മടങ്ങിയശേഷവും പ്രണയം തുടര്‍ന്നു. കഴിഞ്ഞ വ്യാഴാഴ്ച നീനുവിന്റെ എതിര്‍പ്പു മറികടന്നു വീട്ടുകാര്‍ വേറെ വിവാഹം ഉറപ്പിച്ചു.

തുടര്‍ന്ന് പരീക്ഷയുടെ ആവശ്യത്തിനെന്ന പേരില്‍ നീനു കോട്ടയത്തേക്കു പോന്നു. കെവിന്റെ കടുത്തുരുത്തിയിലുള്ള ബന്ധുവീട്ടിലാണ് അന്നു നീനുവിനെ താമസിപ്പിച്ചത്. വെള്ളിയാഴ്ച വിവാഹ റജിസ്ട്രേഷനുള്ള ഓണ്‍ലൈന്‍ അപേക്ഷ നല്‍കി. തുടര്‍ന്ന് ഒരുമിച്ചു ജീവിക്കാന്‍ കരാറില്‍ ഒപ്പുവച്ചു. വിവാഹം കഴിഞ്ഞതായി നീനു വീട്ടില്‍ വിളിച്ചറിയിക്കുകയും ചെയ്തു. വീട്ടുകാരുടെ ഇടപെടല്‍ ഭയന്ന് നീനുവിനെ കെവിന്‍ രഹസ്യമായി ഹോസ്റ്റലിലേക്കു മാറ്റി. ദലിത് ക്രൈസ്തവ വിഭാഗത്തിലുള്ള കെവിനുമായുള്ള ബന്ധം നീനുവിന്റെ വീട്ടുകാര്‍ അംഗീകരിക്കാന്‍ തയാറായിരുന്നില്ല. സാമ്പത്തികനിലയിലെ അന്തരവും പ്രശ്നമായി.

Similar Articles

Comments

Advertismentspot_img

Most Popular