കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി

കോഴിക്കോട്: നിപ വൈറസ് ബാധ കണക്കിലെടുത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി. കോഴിക്കോട് കളക് ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.
വൈറസ് ബാധിച്ചതായി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പരിശോധനയ്ക്ക് അയച്ച സാമ്പിളുകളില്‍ 83 ശതമാനവും നെഗറ്റീവാണെന്നും യോഗത്തില്‍ ആരോഗ്യ വകുപ്പ് അറിയിച്ചു.

അതിനിടെ നിപ വൈറസ് ബാധിച്ച് മെഡിക്കല്‍ കോളേജ് തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ ആരോഗ്യസ്ഥിതിയില്‍ ഗുണകരമായ മാറ്റം. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍. രാജേന്ദ്രനാണ് ഇക്കാര്യം പറഞ്ഞത്.

നിപ സ്ഥിരീകരിച്ച രണ്ടുപേരാണ് ഐ.സി.യു.വില്‍ ഉള്ളത്. റിബാവിറിന്‍ ഗുളികകളാണ് രോഗികള്‍ക്ക് ഇപ്പോള്‍ നല്‍കുന്നത്. ഈ ഗുളികകൊണ്ട് 40 ശതമാനം വരെ ഗുണമുണ്ടാകും. അത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

നിപയ്‌ക്കെതിരേ ഓസ്‌ട്രേലിയയില്‍ നിന്നുള്ള മരുന്ന് ഇറക്കുമതി ചെയ്യാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറലിന്റെ അനുവാദം കിട്ടിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍.) ഇതിന്റെ ചികിത്സാമാര്‍ഗരേഖ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഉടന്‍ തന്നെ ചികിത്സ തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ഈ മരുന്ന് പൂര്‍ണഫലം നല്‍കുമെന്ന് ഉറപ്പില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. മൂന്നു ഘട്ടപരീക്ഷണങ്ങള്‍ക്കു ശേഷമാണ് സാധാരണമായി മരുന്ന് വിപണിയിലിറക്കുന്നത്. ഇതിന്റെ വിഷനിലവാരവും ഫലം നല്‍കാനുള്ള കഴിവും ഉറപ്പുവരുത്തുന്ന ഒന്നാംഘട്ട പരീക്ഷണം മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഇതും മൃഗങ്ങളില്‍ നടത്തിയ പരീക്ഷണവും വന്‍ വിജയമായപ്പോഴാണ് ഓസ്‌ട്രേലിയ സര്‍ക്കാര്‍ രോഗം ബാധിച്ച 13 പേരില്‍ ഇത് പരീക്ഷിച്ചത്. അതും വിജയിച്ചപ്പോള്‍ അവരുടെ ആവശ്യത്തിനായി ഉണ്ടാക്കിയ കരുതല്‍ശേഖരത്തില്‍നിന്ന് 50 ഡോസാണ് കേരളത്തിന് നല്‍കിയത്. ഇത് എത്രത്തോളം വിജയിക്കുമെന്ന് നിരീക്ഷിക്കേണ്ടതുണ്ടെന്നും ആരോഗ്യവകുപ്പ് പറയുന്നു.

ഈ മരുന്നിന്റെ മൂന്നാംഘട്ട പരീക്ഷണം നടത്തുന്ന കാര്യം ഐ.സി.എം.ആറിന്റെ പരിഗണനയിലാണ്. ലോകാരോഗ്യസംഘടനയുടെ നിപ ക്ലിനിക്കല്‍ ട്രയല്‍ വര്‍ക്കിങ് ഗ്രൂപ്പ് പുനരുജ്ജീവിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ വൈറസ് ബാധയെത്തുടര്‍ന്നാണിത്. ഐ.സി.എം.ആറിന് ലോകാരോഗ്യസംഘടന എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുമുണ്ട്.

SHARE