നാണംകെട്ട പൊലീസ് സേവനം വീണ്ടും; മുഖ്യമന്ത്രിയുടെ പരിപാടികളുണ്ട്. അതു കഴിഞ്ഞ് പരാതി നോക്കാമെന്ന് പൊലീസ്; പ്രതികളില്‍നിന്ന് എസ്‌ഐ പണം കൈപ്പറ്റി ? നടപടി എടുത്തത് സോഷ്യല്‍മീഡിയ ഇടപെടല്‍ മൂലം

കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് തട്ടിക്കൊണ്ട് പോകപ്പെട്ട കോട്ടയം സ്വദേശി കെവിന്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടപടി. സംഭവത്തില്‍ വീഴ്ചവരുത്തിയ ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ ആയ എംഎസ് ഷിബുവിനേയും എഎസ്.ഐ യേയും സസ്‌പെന്‍ഡ് ചെയ്തു. കൂടാതെ കോട്ടയം എസ്.പി മുഹമ്മദ് റഫീഖിനെ സ്ഥലം മാറ്റുകയും ചെയ്തു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടേതാണ് ഉത്തരവ്. ഹരിശങ്കറാണ് പുതിയ കോട്ടയം എസ്.പി.

കെവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പരാതി ലഭിച്ചിട്ടും നടപടിയെടുക്കുന്നതില്‍ വീഴ്ചയുണ്ടായി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കെവിന്റെ മരണം കോട്ടയം ഡിവൈഎസ്പിയാകും അന്വേഷിക്കുക. പോലീസിന്റെ വീഴ്ചയാണ് കെവിന്‍ മരണപ്പെടാന്‍ കാരണമെന്ന വിലയിരുത്തലിലാണ് പോലീസ്. അതിനാല്‍ വകുപ്പുതല നടപടികളും നിയമ നടപടികളും പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ടാകും.

കെവിന്റെ ഭാര്യ നീനുവിനോട് വളരെ മോശമായ നിലയിലാണ് പോലീസ് പെരുമാറിയതെന്ന് ആരോപണമുണ്ട്. ‘ജില്ലയില്‍ മുഖ്യമന്ത്രിയുടെ പരിപാടികളുണ്ട്. അതിന്റെ തിരക്കുകള്‍ കഴിഞ്ഞ് നോക്കാം’ എന്നാണ് എസ്.ഐ പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. പരാതി ലഭിച്ചയുടന്‍ അന്വേഷിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ കെവിനെ ജീവനോടെ ലഭിക്കുമായിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ ആറ് മണിക്ക് മകനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി പിതാവ് ജോസഫ് ജേക്കബാണ് ആദ്യം പോലീസ് സ്‌റ്റേഷനിലെത്തിയത്. എന്നാല്‍ പരാതി പോലീസ് സ്വീകരിച്ചില്ല.

ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി 11 മണിക്ക് നീനുവും പോലീസ്സ്‌റ്റേഷനിലെത്തി. എന്നാല്‍ ആ പരാതിയും പോലീസ് ആദ്യം സ്വീകരിച്ചില്ല. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ മാത്രമാണ് പോലീസ് കേസെടുത്തത്. കെവിനൊപ്പം മര്‍ദ്ദനത്തിനിരയായ ബന്ധു അനീഷിന്റെ മൊഴി അനുസരിച്ചാണ് കേസെടുത്തത്.

സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കെവിനെ തട്ടിക്കൊണ്ടുപോയത്. തിങ്കളാഴ്ച രാവിലെയോടെ തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയേക്കര ആറ്റില്‍ നിന്ന് കെവിന്റെ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു.

പ്രതികളില്‍നിന്ന് എസ്‌ഐ പണം കൈപ്പറ്റിയെന്ന പരാതി ഡിവൈഎസ്പിയും അന്വേഷിക്കുന്നുണ്ട്. അതിനിടെ, മരിച്ച കെവിന്റെ ബന്ധുക്കള്‍ ഗാന്ധിനഗര്‍ പൊലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെവിന്റെ വീടു സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഭര്‍ത്താവിന്റെ മരണ വിവരമറിഞ്ഞ് കുഴഞ്ഞുവീണ നീനുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് കെവിനെ, ഭാര്യ നീനു ചാക്കോയുടെ സഹോദരന്‍ ഷാനു ചാക്കോയുടെ നേതൃത്വത്തില്‍ പത്തംഗ സംഘമെത്തി തട്ടിക്കൊണ്ടുപോയത്. കെവിന്റെ ബന്ധു അനീഷിനെയും സംഘം വാഹനത്തില്‍ കയറ്റി കൊണ്ടുപോയെങ്കിലും മര്‍ദ്ദിച്ചശേഷം റോഡില്‍ ഉപേക്ഷിച്ചു.

രാവിലെ ആറുമണിക്ക് കെവിനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി പിതാവ് ജോസഫ് ജേക്കബ് ഗാന്ധിനഗര്‍ സ്‌റ്റേഷനിലെത്തിയെങ്കിലും പരാതി സ്വീകരിച്ചില്ല. തട്ടിക്കൊണ്ടുപോയവരോടു എസ്‌ഐ ഫോണില്‍ സംസാരിക്കുകയായിരുന്നെന്നും അവരെത്തിയ ശേഷം ആലോചിക്കാമെന്നും പൊലീസ് പറഞ്ഞതായി ജോസഫ് ആരോപിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular