ഐശ്വര്യാറായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

പാട്‌ന: ഐശ്വര്യാറായി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന് സൂചന. ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മരുമകള്‍ ഐശ്വര്യയാണ് ബീഹാറിലെ ഛപ്രയില്‍ നിന്ന് മത്സരിക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. . എന്നാല്‍, ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നും ലാലുപ്രസാദ് യാദവിന്റെ കുടുംബത്തില്‍ നിന്ന് ലഭിച്ചിട്ടില്ല.

ഐശ്വര്യയെ ഛാപ്രയില്‍ നിന്ന് ലോക്‌സഭയിലെത്തിക്കണമെന്നത് ജനങ്ങളുടെ ആഗ്രഹമാണെന്നാണ് ആര്‍ജിഡി നേതാവ് രാഹുല്‍ തിവാരി അഭിപ്രായപ്പെട്ടത്. ഛാപ്രയുടെ പുത്രി എന്നാണ് പാര്‍ട്ടിപ്രവര്‍ത്തകര്‍ ഐശ്വര്യയെ വിശേഷിപ്പിക്കുന്നത്. ഐശ്വര്യയെ ലോക്‌സഭയിലേക്കയക്കണമെന്ന് ലാലുപ്രസാദ് യാദവ് തീരുമാനിച്ചാല്‍ വിജയം ഉറപ്പാണെന്നും രാഹുല്‍ തിവാരി പറഞ്ഞു.

ഇതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ലെങ്കിലും എതിര്‍പ്പുമായി ബീഹാര്‍ ഭരണകക്ഷിയായ ജനതാദള്‍ യുണൈറ്റഡ് രംഗത്തെത്തിക്കഴിഞ്ഞു. ആര്‍ജെഡി പാര്‍ട്ടിപ്രവര്‍ത്തകരെ കുരങ്ങ് കളിപ്പിക്കുകയാണെന്നും പാര്‍ട്ടി ടിക്കറ്റ് മുഴുവന്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കുകയാണെന്നും ജെഡിയു കുറ്റപ്പെടുത്തി. അഴിമതിയും കുടുംബവാഴ്ച്ചയുമില്ലാതെ ആര്‍ജെഡി നിലനില്‍ക്കില്ലെന്നും ജെഡിയു പരിഹസിച്ചു. ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ദരോഗാ പ്രസാദ് റായിയുടെ പേരക്കുട്ടിയായ ഐശ്വര്യയും തേജ്പ്രതാപും തമ്മിലുള്ള വിവാഹം മെയ് 12നായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular