തൂത്തുക്കുടിയിലെ നിരോധനാജ്ഞ പിന്‍വലിച്ചു; മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന നിലപാടില്‍ ഉറച്ച് മരിച്ചവരുടെ ബന്ധുക്കള്‍

ചെന്നൈ: തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരക്കാര്‍ക്ക് നേരെ നടന്ന പൊലീസ് വെടിവെപ്പിനെ തുടര്‍ന്ന് പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു. കളക്ടര്‍ സന്ദീപ് നന്ദൂരിയുടെ നിര്‍ദേശപ്രകാരമാണ് നിരോധനാജ്ഞ പിന്‍വലിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

പൊലീസ് വെടിവയ്പ്പിന് ശേഷം തൂത്തുക്കുടി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ്. സ്റ്റെര്‍ലൈറ്റ് പ്ലാന്റ് പൂട്ടിയെന്ന് ഉറപ്പ് നല്‍കാതെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് മരിച്ചവരുടെ ബന്ധുക്കള്‍ ഇപ്പോഴും. തൂത്തുക്കുടിയില്‍ സമാധാനം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ വിജയം കാണുന്നുവെന്നാണ് ജില്ലാ കളക്ടര്‍ സന്ദീപ് നന്ദൂരി പറയുന്നത്. 13 പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയെന്നാണ് സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചിട്ടുള്ളത്.

എന്നാല്‍ 7 മൃതദേഹങ്ങള്‍ മാത്രമെ പോസ്റ്റ് മോര്‍ട്ടം ചെയ്തിട്ടുള്ളൂ എന്നും ബാക്കി ഉള്ളവ പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതിനായി ഒപ്പിട്ട് നല്‍കാന്‍ ബന്ധുക്കളെ പൊലീസ് നിര്‍ബന്ധിക്കുന്നുവെന്നാണ് ആക്ഷേപം. ഈ മാസം 30 വരെ മൃതദേഹങ്ങള്‍ സൂക്ഷിച്ചുവെയ്ക്കാനാണ് ഹൈക്കോടതി നിര്‍ദേശം.

മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്തുലക്ഷം രൂപവീതം സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഏകാംഗകമ്മിഷനെ നിയമിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.രൂക്ഷമായ മലിനീകരണവും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്ന സ്റ്റെര്‍ലൈറ്റ് ചെമ്പ്‌സംസ്‌കരണശാലക്കെതിരേ നാട്ടുകാര്‍ തുടങ്ങിയ പ്രക്ഷോഭത്തിന്റെ നൂറാം ദിവസമായിരുന്നു ചൊവ്വാഴ്ച. ഇതിന്റെ ഭാഗമായി കമ്പനിയിലേക്ക് മാര്‍ച്ചുനടത്തുമെന്ന് സമരക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, ഇതിന് അധികൃതര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന് ഇവര്‍ മാര്‍ച്ച് കളക്ടറേറ്റിലേക്ക് മാറ്റി. രാവിലെത്തന്നെ തടിച്ചുകൂടിയ ഇരുപതിനായിരത്തോളം പേര്‍ നടത്തിയ മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത്. പ്രകടനമായെത്തിയവര്‍ കളക്ടറുടെ ഓഫീസിലേക്ക് ഇരച്ചുകയറി. കെട്ടിടങ്ങള്‍ക്കും സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും തീവെച്ചു. ഇതേത്തുടര്‍ന്നാണ് പോലീസ് വെടിവെച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular