വിദ്യാര്‍ഥിനികള്‍ക്ക് ആശ്വാസമായി സര്‍ക്കാർ ഉത്തരവ്; ഇനി മുടി രണ്ടായി കെട്ടണ്ട..!

കൊച്ചി:സംസ്ഥാനത്തെ പല സ്‌കൂളുകളിലും വിദ്യാര്‍ഥിനികള്‍ മുടി രണ്ടായി പിരിച്ചുകെട്ടമെന്നത് നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഈ അധ്യായന വര്‍ഷം മുതല്‍ വിദ്യാര്‍ഥിനികള്‍ക്ക് ആശ്വാസമായി സര്‍ക്കാരിന്റെ ഉത്തരവ്. മുടി രണ്ടായി വേര്‍തിരിച്ച് പിരിച്ചുകെട്ടണമെന്ന് അധ്യാപക, അനധ്യാപക ജീവനക്കാര്‍ നിര്‍ബന്ധിക്കുന്നതിനെതിരെ കര്‍ശന നിര്‍ദ്ദേശവുമായാണ് വിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.

മുടി ഒതുക്കി കെട്ടാന്‍ വിദ്യാര്‍ഥിനികളോട് ആവശ്യപ്പെടാം. അത് സ്‌കൂള്‍ അച്ചടക്കത്തിന്റെ ഭാഗമായി മാത്രം. എന്നാല്‍ മാനസികമായും ആരോഗ്യപരമായും ദോഷകരമായി ബാധിക്കുന്ന രീതിയില്‍ മുടി കെട്ടാന്‍ നിര്‍ബന്ധിക്കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ ഉത്തരവില്‍ നിര്‍ദേശിച്ചു.

ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് വിദ്യഭ്യാസ വകുപ്പ് നിര്‍ണായക ഉത്തരവിറക്കിയിരിക്കുന്നത്. രാവിലെ കുളിച്ചശേഷം ഉണങ്ങാതെ മുടി രണ്ടായി വേര്‍തിരിച്ചു പിരിച്ചുകെട്ടിയാല്‍ മുടിയില്‍ ദുര്‍ഗന്ധം ഉണ്ടാകും. മുടിയുടെ വളര്‍ച്ചയെയും നിലനില്‍പിനെയും പ്രതികൂലമായി ബാധിക്കും. പല പെണ്‍കുട്ടികളും രാവിലെ കുളിക്കാതെ സ്‌കൂളില്‍ വരാന്‍ നിര്‍ബന്ധിക്കപ്പെടുന്നുണ്ട്. പ്രഭാത കൃത്യങ്ങള്‍ക്കും പഠനത്തിനുമിടയില്‍ മുടി വേര്‍തിരിച്ചു രണ്ടായി പിരിച്ചുകെട്ടാന്‍ സമയവും പരസഹായവും കണ്ടെത്തുക ബുദ്ധിമുട്ടാണെന്നു ബാലാവകാശ കമ്മീഷന്‍ നിരീക്ഷിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular