മോദിയുടെ മണ്ഡലത്തില്‍ യുവതിയെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗം ചെയ്ത ബി.ജെ.പി നേതാവ് അറസ്റ്റില്‍

വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വരാണസിയില്‍ യുവതിയെ ലോഡ്ജില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തതിന് ബി.ജെ.പി നേതാവ് അറസ്റ്റില്‍. ബദോഹി ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്റ് കനയ്യലാല്‍ മിശ്രയാണ് അറസ്റ്റിലായത്. ലോഡ്ജിലേക്ക് വന്നാല്‍ വനിതാ ഓഫീസറുമായി കൂടിക്കാഴ്ച തരപ്പെടുത്തുകയും ജോലി ശരിയാക്കി കൊടുക്കുകയും ചെയ്യാമെന്ന് വാഗ്ദാനം നല്‍കിയാണ് 32കാരിയായ യുവതിയെ കനയ്യലാല്‍ പീഡിപ്പിച്ചത്.

ലോഡ്ജിലെ റൂമിലേക്ക് കയറിയപ്പോള്‍ കനയ്യലാല്‍ ശാരീരികമായി ആക്രമിക്കുകയായിരുന്നു. യുവതി ആക്രമണത്തെ ചെറുക്കുകയും ശബ്ദം വെച്ച് ആളെ കൂട്ടുകയും ചെയ്തു. പിന്നീട് എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് അറിയിച്ചപ്പോള്‍ പൊലീസ് എത്തുകയായിരുന്നു. ജോലിയുമായി ബന്ധപ്പെട്ട് നേരത്തെ നിരവധി തവണ കനയ്യ ലാലിനെ യുവതി ഫോണ്‍ ചെയ്തിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ജീവനക്കാരിയെ പരിചയപ്പെടുത്തി തരാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയത്.

കനയ്യലാലിനെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. ഉന്നാവോ ബലാത്സംഗക്കേസില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെനഗര്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് മറ്റൊരു നേതാവ് കൂടെ അറസ്റ്റിലാവുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular