നാടിന്റെ വികസനമല്ല പാര്‍ട്ടിയുടെ വളര്‍ച്ചയാണ് സി.പി.ഐ.എമ്മിന്റെ ലക്ഷ്യം; തൃപുരയിലെ അവസ്ഥ കേരളത്തിലും ആവര്‍ത്തിക്കുമെന്ന് ബിപ്ലബ് കുമാര്‍

വാരാപുഴ: സി.പി.ഐ.എമ്മിനും കേരള സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. മണിക് സര്‍ക്കാര്‍ ഭരണത്തിന്റെ അവസ്ഥയിലേക്കാണ് പിണറായി സര്‍ക്കാരും പോകുന്നതെന്ന് ബിപ്ലവ് കുമാര്‍ പറഞ്ഞു. വാരാപുഴയില്‍ കസ്റ്റഡി മരണത്തില്‍പ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നാടിന്റെ വികസനമല്ല പാര്‍ട്ടിയുടെ വളര്‍ച്ചയാണ് സി.പി.ഐ.എം ലക്ഷ്യം വെക്കുന്നത്. ത്രിപുരയിലും സി.പി.ഐ.എം ചെയ്തത് ഇതുതന്നെയാണ്’, അദ്ദേഹം ആരോപിച്ചു. കര്‍ണാടകയിലെ തെരഞ്ഞെടുപ്പിന്റെ പ്രതിഫലനമല്ല ചെങ്ങന്നൂരില്‍ ഉണ്ടാകുകയെന്നും ബിപ്ലബ് പറഞ്ഞു. മാത്രമല്ല, ത്രിപുരയിലെ വിജയത്തിന്റെ പ്രതിഫലനം ചെങ്ങന്നൂരില്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലും ബിജെപി ഭരണത്തില്‍ വരുമെന്ന് ബിപ്ലവ് കുമാര്‍ ദേബ് ഇന്നലെ പറഞ്ഞിരുന്നു. കൊച്ചിയിലെത്തിയ ബിപ്ലവ് ബിജെപി നേതാക്കള്‍ക്കൊപ്പം വരാപ്പുഴയില്‍ മരിച്ച ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചു. ശീജിത്തിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും ബിപ്ലവ് പറഞ്ഞു. ചെങ്ങന്നൂരിലെ ബിജെപി പ്രചരണത്തിലും ബിപ്ലവ് പങ്കെടുക്കുന്നുണ്ട്.

ത്രിപുര മുഖ്യമന്ത്രിയായതിനുശേഷം വിവാദങ്ങളുടെ അക്കൗണ്ട് തുറന്നു ദിവസവും നിക്ഷേപം നടത്തുന്ന ബിപ്ലവ്കുമാര്‍ ദേബിന്റെ പ്രസ്താവനകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ ട്രോളുകളാണ് ലഭിക്കാറ്. ബ്രിട്ടീഷ് ദുര്‍ഭരണത്തില്‍ പ്രതിഷേധിച്ച് രവീന്ദ്രനാഥ് ടാഗോര്‍ നോബേല്‍ സമ്മാനം തിരിച്ചു നല്‍കിയെന്നായിരുന്നു ബിപ്ലവ്കുമാര്‍ അവസാനം വിളമ്പിയ മണ്ടത്തരം.

1913ല്‍ സാഹിത്യത്തിലാണ് രവീന്ദ്രനാഥ് ടാഗോറിന് നോബല്‍ സമ്മാനം ലഭിച്ചത്. തനിക്ക് ലഭിച്ച നൈറ്റ്ഹൂഡ് ബഹുമതി (സര്‍ ബഹുമതി) 1919ലെ ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് ടാഗോര്‍ ഉപേക്ഷിച്ചിരുന്നു. ഇതാണ് ത്രിപുര മുഖ്യന്‍ നോബല്‍ സമ്മാനമാക്കിയത്.

സര്‍ക്കാര്‍ ജോലിക്കുവേണ്ടി രാഷ്ട്രീയ നേതാക്കളുടെ പുറകെ നടന്നു വിലപ്പെട്ട സമയം കളയാതെ ആ സമയം കൊണ്ടു പശുവിനെ വാങ്ങി പാല്‍ വിറ്റാല്‍ പത്തു വര്‍ഷം കൊണ്ടു 10 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടില്‍ വന്നേനെ. മുറുക്കാന്‍കട നടത്തിയാല്‍പോലും അഞ്ചു ലക്ഷം രൂപയുണ്ടായേനെയെന്നും അദ്ദേഹം പറഞ്ഞിരുന്നു

SHARE