ഡുപ്ലെസിയുടെ പ്രകടനം മാത്രമല്ല ടീമിനെ ഫൈനലില്‍ എത്തിച്ചത്: ധോണി പറയുന്നു

ഐപിഎല്‍ സെമി ഫൈനലില്‍ മികച്ച പ്രകടനത്തിലൂടെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐപിഎല്‍ ഫൈനലിലേക്ക് യോഗ്യത നേടിത്. ഏത് പ്രതിസന്ധിയില്‍നിന്നും വിജയത്തിലെത്തിക്കാനുള്ള താരങ്ങള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് തെളിയിക്കുന്ന പ്രകടനം. ഹൈദരാബാദ് ഉയര്‍ത്തിയ 140 എന്ന ചെറിയ സ്‌കോറിലേക്ക് ബാറ്റേന്തിയ ചെന്നൈയുടെ താളം തെറ്റുകയായിരുന്നു. 62ന് ആറ് എന്ന പരിതാപകരമായ നിലയില്‍ നിന്നാണ് ചെന്നൈ ഉയിര്‍ത്തെഴുന്നേറ്റത്.
ആദ്യ ക്വാളിഫെയറില്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിനെ രണ്ട് വിക്കറ്റിന് തോല്‍പിച്ചാണ് ചെന്നൈ ഇത്തവണ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. മുന്‍നിര തകര്‍ന്നപ്പോള്‍ വാലറ്റത്തെ കൂട്ടി ഫാഫ് ഡുപ്ലെസിയാണ് ചെന്നൈയെ ഫൈനലിലെത്തിച്ചത്. ഡുപ്ലെസി പുറത്താകാതെ 67 റണ്‍സ് നേടി. 42 പന്തില്‍ നിന്ന് നാല് സിക്സറും അഞ്ച് ബൗണ്ടറിയും ഉള്‍പ്പെടെയായിരുന്നു ഡുപ്ലെസിയുടെ സൂപ്പര്‍ ക്ലാസ് ഇന്നിങ്സ്.

മത്സര ശേഷം ഡുപ്ലെസിസിനെ വാനോളം പ്രശംസിച്ച് ധോണി രംഗത്തെത്തി. ഡുപ്ലെസിസിന്റെ പരിചയ സമ്പത്താണ് ചെന്നൈയ്ക്ക് മുതല്‍കൂട്ടായതെന്ന് പറഞ്ഞ ധോണി ഫൈനലില്‍ ഡുപ്ലെസിസില്‍ നിന്ന് ഇത്തരത്തിലൊരു പ്രകടനം പ്രതീക്ഷിക്കുന്നതായും കൂട്ടിച്ചേര്‍ത്തു. കൂടാതെ ചെന്നൈയുടെ ലോവര്‍ ഓര്‍ഡര്‍ ബാറ്റിങ് നിരയേയും ധോണി പ്രശംസിക്കുന്നു. മികച്ച ചെറുത്തുനില്‍പ്പാണ് അവരില്‍ നിന്നുണ്ടായതെന്ന് ധോണി പറയുന്നു. മാത്രമല്ല ചെന്നൈ ഡ്രസിങ് റൂമിലെ അന്തരീക്ഷവും ടീമിനെ ഗുണകരമായെന്ന് ധോണി പറയുന്നു.

ഞങ്ങളുടെത് മികച്ച ടീമാണ്, മത്സരത്തില്‍ അത് പ്രകടമായതാണ്, മികച്ച ഡ്രസിങ് റൂം അന്തരീക്ഷമാണ് ഇത് സാധ്യമാക്കിയത്, മാനേജ്മെന്റ്, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവര്‍ക്ക് കൂടി ക്രെഡിറ്റ് അവകാശപ്പെട്ടതാണെന്നും അല്ലായിരുന്നുവെങ്കില്‍ ഇങ്ങനെയൊന്ന് സാധ്യമാവുമായിരുന്നില്ലെന്നും ധോണി പറഞ്ഞു.

പതിനൊന്ന് സീസണുകള്‍ക്കിടെ ഇത് ഏഴാം തവണയാണ് ടീം ഫൈനലില്‍ എത്തുന്നത്.

SHARE