വവ്വാല്‍ കടിച്ച മാങ്ങ കഴിച്ച് മോഹനന്‍ വൈദ്യരുടെ വെല്ലുവിളി!!! അശാസ്ത്രീയ പ്രചരണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം

നിപ്പ വൈറസ് ബാധയെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിപ്പിന് പുല്ലുവില കല്‍പ്പിച്ച് വ്യാജപ്രചരണങ്ങള്‍ ഇപ്പോഴും തകൃതിയായി നടക്കുകയാണ്. പന്ത്രണ്ട് പേര്‍ക്കാണ് ഇതിനോടകം സംസ്ഥാനത്ത് നിപ്പ ബാധിച്ചത്. സംസ്ഥാനം ഇത്രയധികം ഭയചകിതരായിരിക്കുന്ന സാഹചര്യത്തിലും വ്യാജപ്രചാരണങ്ങളും അശാസ്ത്രീയമായ വിവരങ്ങള്‍ പങ്കവെച്ച് സമൂഹമാധ്യമങ്ങളില്‍ രംഗത്ത് വരുന്നവരുടെ എണ്ണവും കൂടി വരുന്നു.

ഇതെല്ലാം മരുന്നുമാഫിയയുടെ തട്ടിപ്പാണെന്ന് ആവര്‍ത്തിച്ച് പ്രകൃതി ചികിത്സകന്‍ ജേക്കബ് വടക്കഞ്ചേരി രംഗത്തെത്തിയതിന് പിന്നാലെ നിപ്പ എന്നത് ആരോഗ്യ വകുപ്പ് ബോധപൂര്‍വ്വം നടത്തുന്ന തട്ടിപ്പാണെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് മോഹനന്‍ വൈദ്യര്‍. നിപ്പ വൈറസ് ബാധയുണ്ടായ കോഴിക്കോടിലെ പേരാമ്പ്രയില്‍ നിന്ന് ശേഖരിച്ച പഴങ്ങള്‍ കഴിച്ച് കൊണ്ടായിരുന്നു മോഹനന്‍ വൈദ്യരുടെ വിഡിയോ.

ഗുരുതരമായ ഈ സാഹചര്യത്തില്‍ ഇത്തരത്തിലുളള പ്രചാരണമെന്ന വിമര്‍ശനം ഉയരുമ്പോഴും ധാരാളം ആളുകള്‍ ഈ വിഡിയോ ഷെയര്‍ ചെയ്യുന്നുണ്ട്. മോഹനന്‍ വൈദ്യര്‍ക്കും ജേക്കബ് വടക്കാഞ്ചേരിക്കുമെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഇത്തരത്തിലുളള വ്യാദപ്രചാരണം നടത്തുന്ന ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന വാദവും ശക്തമായി. സ്ഥിതി ഇത്ര ഗുരുതരമായിട്ടും പൊലീസ് അനങ്ങുന്നില്ലെന്ന വാദവും ശക്തമായി. പലവട്ടം നടപടി നേരിട്ടയാളുമാണ് മോഹനന്‍ വൈദ്യര്‍.

വവ്വാലിന് പനി വരുന്നതെങ്കില്‍ ആദ്യം വവ്വാല്‍ ചാവണമെന്നും എലിക്കാണ് പനി വരുന്നതെങ്കില്‍ ആദ്യം എലി ചാകണമെന്നും മോഹനന്‍ വൈദ്യര്‍ വിഡിയോയില്‍ പറയുന്നു. ഞാന്‍ ഈ പഴങ്ങള്‍ നിങ്ങള്‍ക്കു മുന്‍പില്‍ വച്ചാണ് കഴിക്കുന്നത്. നിപ്പ വൈറസ് ഉണ്ടെങ്കില്‍ ആദ്യം ചാകേണ്ടത് ഞാനാണെന്നും ഈ വൈറസ് ഉണ്ടെങ്കില്‍ ഇന്ന് ഞാന്‍ മരിക്കണമെന്നും മോഹനന്‍ വൈദ്യര്‍ വെല്ലുവിളിക്കുന്നു. എന്റെ രോഗികള്‍ ഈ വൈറസ് ഉണ്ടെന്ന് വിശ്വസിക്കാതിരിക്കാനും ചികിത്സ എടുക്കാതിരിക്കാനുമാണ് താന്‍ ഈ വിഡിയോ പോസ്റ്റ് ചെയ്യുന്നതെന്നും മോഹനന്‍ വൈദ്യര്‍ പറയുന്നു. ഈ പകര്‍ച്ചവ്യാധിയെ തടയാനുളള കഷായങ്ങള്‍ വൈദ്യരുടെ കൈവശമുണ്ടെന്ന പ്രഖ്യാപനവും മോഹനന്‍ വൈദ്യര്‍ നടത്തുന്നു.

ആളെ പേടിപ്പിക്കുന്ന നിപ്പ പനിയെ കുറിച്ചു പറയുന്നതെല്ലാം പച്ചക്കളളമാണെന്നും പഴങ്ങള്‍ മാത്രം കഴിക്കുന്ന വവ്വാലില്‍ നിന്ന് മൃഗങ്ങളിലേയ്ക്ക് രോഗം പകര്‍ന്നുവെന്ന് പറയുന്നത് അസംബന്ധമാണെന്നും വടക്കാഞ്ചേരി ഫെയ്‌സ്ബുക്കിലിട്ട വിഡിയോയില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular