നീതിക്ക് വേണ്ടി പോരാടിയതിന് പൊലീസ് ഒമ്പതുപേരെ വെടിവെച്ചുകൊന്നു, തൂത്തുക്കുടി വെടിവെയ്പ് ഭരണകൂട ഭീകരതയുടെ ഉത്തമ ഉദാഹരണമെന്ന് രാഹുല്‍ ഗാന്ധി

തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരക്കാര്‍ക്ക് നേരെ നടന്ന പൊലീസ് വെടിവെയ്പ് ഭരണകൂട ഭീകരതയുടെ ഉത്തമ ഉദാഹരണമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നീതിക്ക് വേണ്ടി പോരാടിയതിനാണ് പൊലീസ് ഒമ്പതുപേരെ വെടിവെച്ചു കൊന്നതെന്ന് അദ്ദേഹം ട്വിറ്ററില്‍ പ്രതികരിച്ചു. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്കൊപ്പമാണ് തന്റെ മനസ്സും പ്രാര്‍ത്ഥനയുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയ്ക്ക് താന്‍ പോകുന്നില്ലെന്നും വെടിവെയ്പ് ഇരകളെ നേരിട്ട് കാണാന്‍ നാളെത്തന്നെ തൂത്തുക്കുടിയില്‍ എത്തുമെന്നും ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ പറഞ്ഞു. ജനങ്ങളുടെ വികാരങ്ങള്‍ സര്‍ക്കാര്‍ അവഗണിച്ചതിന്റെ ഫലമാണ് തൂത്തുക്കുടിയില്‍ സംഭവിച്ചതെന്ന് രജനികാന്ത് പ്രതികരിച്ചു. ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങള്‍ക്ക് സര്‍ക്കാര്‍ മാത്രമാണ് ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് വെടിവെ്പ്പിനെ അപലപിച്ച് കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടി രംഗത്തെത്തി. ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത നീക്കമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് പാര്‍ട്ടി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. പൗരര്‍ കുറ്റവാളികളല്ല. ആദ്യം പ്ലാന്റ് കാരണം ആളുകള്‍ മരിച്ചുവെങ്കില്‍ ഇപ്പോള്‍ സര്‍ക്കാര്‍ കാരണം മരിക്കുന്നുവെന്ന് പാര്‍ട്ടി കുറ്റപ്പെടുത്തി. എല്ലാവരും സംയമനം പാലിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.

അതേസമയം വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി. അമ്പതോളംപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിന്റെ രണ്ടാംഘട്ട വികസനം അനുവദിക്കരുത് എന്നാവശ്യപ്പെട്ടാണ് സമരം നടക്കുന്നത്. സമരത്തിന്റെ നൂറാംദിവസത്തില്‍ തൂത്തുക്കുടി കലക്ടറേറ്റിലേക്ക് നടന്ന മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 1996 ലാണ് തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയത്. അന്ന് മുതല്‍ വിവാദങ്ങളുടെ കേന്ദ്രവുമാണ് സ്ഥാപനം. പ്ലാന്റ് പ്രവര്‍ത്തനം മേഖലയിലെ പാരിസ്ഥിതികാവസ്ഥയെ പ്രതികൂലമായി ബാധിച്ചുവെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പ്ലാന്റ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് സമരക്കാര്‍ സുപ്രീംകോടതിയേയും സമീപിച്ചിരുന്നു. പരിസ്ഥിതി നാശം സ്ഥിരീകരിച്ച കോടതി 100 കോടി രൂപ പിഴയടക്കാനാണ് നിര്‍ദേശിച്ചത്. പക്ഷേ, പ്ലാന്റ് പ്രവര്‍ത്തനം തുടരുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular