കുമാരസ്വാമി തന്നെ അഞ്ചുവര്‍ഷം മുഖ്യമന്ത്രിയായി തുടരുമോ എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല, സത്യപ്രതിജ്ഞയ്ക്ക് മുന്‍പേ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തില്‍ ഭിന്നത

ബംഗലൂരു: കര്‍ണാടകയില്‍ ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനിരിക്കേ, ഭരണം പങ്കിടുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിലെ ഭിന്നത പുറത്ത്. താന്‍ തന്നെയായിരിക്കും അടുത്ത അഞ്ചുവര്‍ഷവും മുഖ്യമന്ത്രി എന്ന കുമാരസ്വാമിയുടെ അവകാശവാദം തളളി കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി പരമേശ്വര രംഗത്തുവന്നു. കുമാരസ്വാമി തന്നെ അഞ്ചുവര്‍ഷം മുഖ്യമന്ത്രിയായി തുടരുമോ എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് പരമേശ്വര പ്രതികരിച്ചു.

ബുധനാഴ്ച കുമാരസ്വാമി മാത്രമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. മറ്റു മന്ത്രിമാരുടെ കാര്യത്തില്‍ ഇരുപക്ഷവും തമ്മില്‍ ധാരണയില്‍ എത്തിയിട്ടില്ല.കഴിഞ്ഞ ദിവസം നടന്ന പ്രാഥമിക ചര്‍ച്ചയില്‍ കോണ്‍ഗ്രസില്‍ നിന്നും 20 മന്ത്രിമാരുണ്ടാകുമെന്ന് ധാരണയില്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ഡെപ്യൂട്ടി മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിന് നല്‍കുന്ന കാര്യത്തിലും ഇരുപക്ഷവും യോജിപ്പില്‍ എത്തിയതായും സൂചന പുറത്തുവന്നിരുന്നു. എന്നാല്‍ രണ്ടു ഉപമുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി കോണ്‍ഗ്രസ് വാദിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പിന്നാലെയായിരുന്നു പരമേശ്വരയുടെ പ്രതികരണം.

കഴിഞ്ഞ ദിവസം വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുമെന്ന ആശങ്കയില്‍ യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് താന്‍ തന്നെയായിരിക്കും അടുത്ത അഞ്ചുവര്‍ഷവും മുഖ്യമന്ത്രി എന്ന കുമാരസ്വാമിയുടെ പ്രതികരണം പുറത്തുവന്നത്.

SHARE