കോഴിക്കോട്ട് പനി മരണം 16 ആയി; നിപാ വൈറസ് ബാധിച്ചയാളെ ചികിത്സിച്ച നഴ്‌സും മരിച്ചു; മൃതദേഹം നാട്ടുകാര്‍ക്ക് വിട്ടുകൊടുത്തില്ല

കോഴിക്കോട്: സംസ്ഥാനത്തു ഭീതി പടര്‍ത്തി വീണ്ടും പനി മരണം. കോഴിക്കോട് ചികിത്സയിലായിരുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്‌സ് ലിനിയാണു മരിച്ചത്. നിപ്പാ വൈറസ് ബാധിച്ച രോഗിയെ ലിനി ശുശ്രൂഷിച്ചിരുന്നു. ഇവരുടെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കാതെ ഉടനെ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ചു. വൈറസ് ബാധ പടരാതിരിക്കാനാണു മൃതദേഹം ബന്ധുക്കള്‍ക്കു നല്‍കാതിരുന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ, നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പനി മരണം 16 ആയി.

കോഴിക്കോട്, മലപ്പുറം ജില്ലക്കാരായ ആറുപേര്‍ ഞായറാഴ്ച മരിച്ചിരുന്നു. കോഴിക്കോട് ജില്ലയില്‍ മാത്രം രണ്ടാഴ്ചയ്ക്കിടെ മരിച്ചവരുടെ എണ്ണം 15 ആയി. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചതു നിപ്പാ വൈറസ് ബാധ മൂലമാണെന്നു പുണെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥിരീകരിച്ചു. നിപ്പാ വൈറസ് ബാധയോടെ പത്തു പേര്‍ കോഴിക്കോട്ടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഞായറാഴ്ച മരിച്ച ആറില്‍ അഞ്ചുപേരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ഹെഡ് നഴ്‌സും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഒരു മരണം ഡെങ്കിപ്പനി മൂലമാണ്. ആറുപേരില്‍ ഒരാളുടെ മരണം നിപ്പാ വൈറസ് ബാധ മൂലമാണോയെന്നു സംശയമുണ്ട്.

കോഴിക്കോട് ചെലവൂര്‍ കാളാണ്ടിത്താഴം കാരിമറ്റത്തില്‍ ബാബു സെബാസ്റ്റ്യന്റെ (റെയില്‍വേ) ഭാര്യ മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രം ഹെഡ് നഴ്‌സ് ടെസി ജോര്‍ജ് (50), നടുവണ്ണൂര്‍ കോട്ടൂര്‍ തിരുവോട് മയിപ്പില്‍ ഇസ്മയില്‍ (50), മലപ്പുറം തിരൂരങ്ങാടി മൂന്നിയൂര്‍ ആലിന്‍ചുവട് പാലക്കത്തൊടു മേച്ചേരി സിന്ധു (36), പൊന്മള ചട്ടിപ്പറമ്പ് പാലയില്‍ അബ്ദുല്‍ ഷുക്കൂറിന്റെ മകന്‍ മുഹമ്മദ് ഷിബിലി (14), കൊളത്തൂര്‍ കാരാട്ടുപറമ്പ് താഴത്തില്‍തൊടി വേലായുധന്‍ (സുന്ദരന്‍–48) എന്നിവരാണു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. താമരശ്ശേരി പുതുപ്പാടി വള്ളിയാട് പുഴംകുന്നുമ്മല്‍ അബൂബക്കറിന്റെ ഭാര്യ റംല (ആരിഫ38) ഡെങ്കിപ്പനി പിടിപെട്ടു മുക്കത്തെ സ്വകാര്യ ആശുപത്രിയിലാണു മരിച്ചത്.

SHARE