കോഴിക്കോട്ട് പനി മരണത്തിന് കാരണം നിപ്പാ വൈറസ് എന്ന് സ്ഥിരീകരണം

കോഴിക്കോട്: ജനങ്ങളെ ഭീതിയിലാഴ്ത്തി കോഴിക്കോട് പടര്‍ന്നുകൊണ്ടിരിക്കുന്ന പനിമരണത്തിന് പിന്നില്‍ നിപ്പാവൈറസ് എന്ന് സ്ഥിരീകരണം. കഴിഞ്ഞ ദിവസം മരിച്ച മൂന്ന് പേരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ച ശേഷം വന്ന റിപ്പോര്‍ട്ടിലാണ് നിപ്പാവൈറസ് എന്ന് സ്ഥിരീകരണം. പുണെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സമാന ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി ഇന്ന് മരിച്ചിരുന്നു.

കൂട്ടാലിട സ്വദേശി ഇസ്മയീല്‍, കൊളത്തൂര്‍ സ്വദേശി വേലായുധന്‍ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം പനിബാധിച്ച് മരിച്ച രണ്ട് പേര്‍ക്ക് കണ്ട അതേ ലക്ഷണവുമായി കഴിഞ്ഞ പത്ത് ദിവസമായി ഇസ്മയീലും, ഒരാഴ്ചയായി വേലായുധനും ചികിത്സയിലായിരുന്നു. ഇതോടെ ഇതുവരെ പനിബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി

ആദ്യമരണങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ നിന്നും വളരെ ദൂരെയുള്ള സ്ഥലങ്ങളിലുള്ളവരാണ് ഇപ്പോള്‍ മരിച്ച രണ്ട് പേരും. അതുകൊണ്ട് തന്നെ വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നുവെന്ന ആശങ്കയുണ്ട്.

തലച്ചോറില്‍ അണുബാധ മൂര്‍ഛിച്ചതാണ് മരണകാരണമെന്നാണ് വിവരം. പനിബാധിച്ച് കഴിഞ്ഞ കഴിഞ്ഞ ദിവസം മരിച്ച പേരാമ്പ്ര ചങ്ങരോത്ത് സ്വദേശികള്‍ക്കൊപ്പം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂസയെന്നായുളുടെ നില ഗുരുതരാവസ്ഥയിലാണെന്നാണ് അറിയുന്നത്. ഇയാളുടെ മക്കളായ സാലിഹ്, സാബിത്ത് എന്നിവരും സഹോദര ഭാര്യ മറിയവുമായിരുന്നു കഴിഞ്ഞ ദിവസം മരിച്ചത്.

ഇവരോടൊപ്പം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ ചങ്ങരോത്ത് സ്വദേശികളടക്കം 25 പേര്‍ ഐസൊലോഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. മരിച്ച സാബിത്ത് അടക്കമുള്ളവരെ ആദ്യ ഘട്ടത്തില്‍ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സിന്റെ നിലയും ഗുരുതരമാണെന്നാണ് അറിയുന്നത്. വവ്വാലില്‍ നിന്നോ പന്നികളില്‍ നിന്നോ ജനതിക വ്യതിയാനം സംഭവിച്ച് മനുഷ്യരിലേക്ക് പടരുന്ന വൈറസാണ് മരണകാരണമെന്നാണ് സംശയം. സ്ഥിതിഗതികള്‍ ഗൗരവമായതോടെ അടിയന്തര മെഡിക്കല്‍ യോഗവും കഴിഞ്ഞദിവസം ചേര്‍ന്നിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular