ഗവര്‍ണര്‍ വാജുപേയി വാലയെ നായയോട് ഉപമിച്ച് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരൂപം; പ്രതിഷേധം ശക്തമാകുന്നു

ബംഗളൂരു: കര്‍ണാടക ഗവര്‍ണര്‍ വാജുപേയി വാലയെ നായയോട് ഉപമിച്ച് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം. വിശ്വാസ്യതയ്ക്ക് വാജുപേയി വാല പുതിയ മാനം നല്‍കി. ഓരോ ഇന്ത്യന്‍ പൗരനും ഇനി തങ്ങളുടെ നായയ്ക്ക് വാജുപേയി വാല എന്ന് പേര് വയ്ക്കും. അദ്ദേഹത്തോളം കൂറ് പുലര്‍ത്തുന്ന മറ്റൊരാളില്ല എന്നായിരുന്നു സഞ്ജയ് നിരുപമിന്റെ വാക്കുകള്‍.

യെദ്യൂരപ്പ രാജി വച്ചതോടെ കര്‍ണാടകയില്‍ ഇനി വിശ്വാസ വോട്ടെടുപ്പ് ആവശ്യമില്ലെന്ന് വ്യക്തമായതിന് പിന്നാലെയാണ് സംഭവം. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിട്ടും വിവേചനാധികാരമെന്ന പേരില്‍ ഗവര്‍ണര്‍ വാജുപേയി വാല ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കുകയയായിരുന്നു.

പണവും സ്വാധീനവും ഭീഷണിയും അധികാരം പിടിച്ചെടുക്കാനുള്ള ലൈസന്‍സായി ബിജെപി ഉപയോഗിക്കുകയാണെന്ന് ഇതിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. മന്ത്രിസഭ രൂപീകരിക്കാന്‍ 15 ദിവസം സമയമാണ് ഗവര്‍ണര്‍ യെദ്യൂരപ്പയ്ക്ക് നല്‍കിയത്. തുടര്‍ന്ന് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ 55 മണിക്കൂര്‍ പിന്നിടുമ്പോള്‍ യെദ്യൂരപ്പയ്ക്ക് രാജിവച്ച് ഒഴിയേണ്ടി വന്നു.

അതേസമയം സഞ്ജയ് നിരുപമിന്റെ പ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കോണ്‍ഗ്രസിന് ഗവര്‍ണര്‍മാരെ ബഹുമാനിക്കാന്‍ അറിയില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കര്‍ ആരോപിച്ചു. സഞ്ജയുടെ പ്രസ്താവനയെ അനുകൂലിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular