‘സാവിത്രിക്ക് ആദ്യമായി മദ്യം നല്‍കിയത് തന്റെ അച്ഛനല്ല’; മഹാനടി ചിത്രത്തിനെതിരെ ജെമിനി ഗണേശന്റെ മകള്‍ രംഗത്ത്

കൊച്ചി: മഹാനടിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ജെമിനി ഗണേശന്റെ മകള്‍ കമല സെല്‍വരാജ്. സാവിത്രിക്ക് ജെമിനി ഗണേശന്‍ മദ്യം നല്‍കുന്ന രംഗമാണ് കമലയെ ചൊടിപ്പിച്ചത്.സാവിത്രിക്ക് ആദ്യമായി മദ്യം നല്‍കിയത് തന്റെ അച്ഛന്‍ അല്ലെന്നും മഹാനടിയുടെ അണിയറപ്രവര്‍ത്തകര്‍ അച്ഛനെ മോശമായി ചിത്രീകരിച്ചു എന്നു കേട്ടപ്പോള്‍ ഹൃദയം തകര്‍ന്നുവെന്നും അവര്‍ പറഞ്ഞു.

‘എന്റെ അച്ഛനെ മഹാനടിയുടെ അണിയറ പ്രവര്‍ത്തകര്‍ മോശമായി ചിത്രീകരിച്ചുവെന്ന് കേട്ടപ്പോള്‍ ഹൃദയം തകര്‍ന്നു. ആ കാലഘട്ടത്തില്‍ എന്റെ അച്ഛന്‍ മാത്രമായിരുന്നു ഏറ്റവും വലിയ താരം. സാവിത്രിക്ക് ആദ്യമായി മദ്യം നല്‍കിയത് എന്റെ അച്ഛനല്ല. സംവിധായകന്‍ അത്തരത്തില്‍ കാണിച്ചത് എന്നെ ശരിക്കും വേദനിപ്പിച്ചു. സാവിത്രി പ്രാത്പം എന്ന സിനിമ ചെയ്യുന്ന അവസരത്തില്‍ ഞാന്‍ എന്റെ അച്ഛനോടൊപ്പം അവരുടെ വീട്ടില്‍ പോയിട്ടുണ്ട്. അന്ന് അവരുടെ ബന്ധുക്കളും കാവല്‍ക്കാരും ഞങ്ങളെ വീടിനകത്തേക്ക് കടത്തിവിട്ടില്ല. അതിനു ശേഷം ഞാന്‍ ആ വീട് കണ്ടിട്ടില്ല’ കമല പറഞ്ഞു. ജെമിനിയ്ക്ക് ആദ്യഭാര്യ അലമേലുവില്‍ ഉണ്ടായ മകളാണ് കമല. തമിഴ്നാട്ടിലെ അറിയപ്പെടുന്ന ഗൈനോക്കോളജിസ്റ്റാണ് കമല.

സാവിത്രിയായി കീര്‍ത്തി സുരേഷും ജെമിനി ഗണേശനായി ദുല്‍ഖര്‍ സല്‍മാനുമാണ് വേഷമിട്ടത്. സാമന്ത അക്കിനേനി, വിജയ് ദേവരകൊണ്ട എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു.

SHARE