യെദ്യൂരപ്പ തുടരുമോ തഴയപ്പെടുമോയെന്ന് ഇന്നറിയാം; സുപ്രീം കോടതി വിധി നിര്‍ണായകം, ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് പരിശോധിച്ച ശേഷം തീരുമാനം

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്. യെദ്യൂരപ്പ തുടരുമോ അതോ തഴയപ്പെടുമോയെന്ന് ഇന്നറിയാം. മുഖ്യമന്ത്രിയായി യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തെങ്കിലും അനിശ്ചിതത്വം ഒഴിഞ്ഞിരുന്നില്ല. കര്‍ണാടകത്തില്‍ ബി.എസ് യദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസും ജെഡിഎസ്സും നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് യദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയില്ലെന്ന് തെളിഞ്ഞാല്‍ മുഖ്യമന്ത്രി ആയ തീരുമാനം റദ്ദാക്കാനും മടിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

ഗവര്‍ണര്‍ 16നു നല്‍കിയ അറിയിപ്പില്‍ 15നും 16നും ബി.എസ്.യെഡിയൂരപ്പ തനിക്കു നല്‍കിയ കത്തുകള്‍ പരാമര്‍ശിക്കുന്നുണ്ട്. അവ പരിശോധനയ്ക്കായി അറ്റോര്‍ണി ജനറലോ യെഡിയൂരപ്പയോ ഇന്നു ഹാജരാക്കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. കേവലഭൂരിപക്ഷമില്ലാത്ത ബി.ജെ.പി., സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനെതിരേ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ ഇന്നത്തെ വിധി നിര്‍ണായകമാകും. ബി.എസ്. യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ സുപ്രീംകോടതി റദ്ദാക്കിയില്ലെങ്കില്‍ സംസ്ഥാനത്ത് കുതിരക്കച്ചവടത്തിനുള്ള നീക്കം ശക്തമാകും. ഇത് മുന്നില്‍ക്കണ്ടാണ് കോണ്‍ഗ്രസ്, ജനതാദള്‍ എസ് എം.എല്‍.എ.മാരെ നഗരത്തില്‍നിന്ന് മാറ്റാന്‍ നേതൃത്വം തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നുമണി വരെ നീണ്ട വാദത്തിനൊടുവിലാണ് ഇന്നലെ ബി എസ് യെദ്യൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാന്‍ സുപ്രീംകോടതി അനുവദിച്ചത്. യദ്യൂരപ്പ മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ഹര്‍ജിക്കാര്‍ക്ക് ഹാജരാക്കാന്‍ ആയിരുന്നില്ല. ഈ കത്ത് കണ്ട ശേഷമേ അവസാന തീരുമാനം പറയാന്‍ കഴിയൂവെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. കത്ത് ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായ അറ്റോണി ജനറല്‍ കെ കെ വേണുഗോപാലിനോടും ബിഎസ് യദ്യൂരപ്പയോടും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

ഇന്ന് ഈ കത്ത് പരിശോധിച്ച ശേഷം ഗവര്‍ണര്‍ വിവേചനാധികാരം ഉപയോഗിച്ചത് നീതിയുക്തമായാണോയെന്ന് സുപ്രീംകോടതി തീരുമാനിക്കും. അല്ലെന്ന് തെളിഞ്ഞാല്‍ യദ്യൂരപ്പ മുഖ്യമന്ത്രിയായ നടപടി തന്നെ കോടതിക്ക് റദ്ദാക്കാം. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സാഹചര്യത്തില്‍ നിയമസഭയ്ക്കുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്നതാകും യെദ്യൂരപ്പയുടെ പ്രധാന വാദം.

ഈ വാദം അംഗീകരിച്ചാലും 15 ദിവസം എന്ന ഗവര്‍ണര്‍ നല്‍കിയ സമയം സുപ്രീംകോടതിയ്ക്ക് വെട്ടിക്കുറയ്ക്കാം. കാര്‍ഷിക കടം എഴുതിത്തള്ളല്‍, പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം, ആംഗ്ലോ ഇന്ത്യന്‍ എംഎല്‍എയുടെ നാമനിര്‍ദ്ദേശം തുടങ്ങി യദ്യൂരപ്പ കൈക്കൊണ്ട തീരുമാനങ്ങള്‍ നിലനില്‍ക്കുമോയെന്നും കോടതി വ്യക്തമാക്കും. കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന മുതിര്‍ന്ന അഭിഭാഷകന്‍ രാംജെത് മലാനിയുടെ അപേക്ഷയിലും സുപ്രീംകോടതിയുടെ തീരുമാനം ഇന്നുണ്ടാകും.

നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെങ്കിലും കേവലഭൂരിപക്ഷത്തിന് ബി.ജെ.പി.ക്ക് എട്ട് അംഗങ്ങളുടെ കുറവുണ്ട്. ഇതിനായി കോണ്‍ഗ്രസ്, ജനതാദള്‍എസ് എം.എല്‍.എ.മാരെ സ്വന്തം പാളയത്തിലെത്തിക്കാനാണ് അവര്‍ നീക്കംനടത്തുന്നത്. ഖനിവ്യവസായി ജനാര്‍ദനറെഡ്ഡിയുടെ സുഹൃത്ത് ബി. ശ്രീരാമുലിവിനെയാണ് ദൗത്യമേല്‍പ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, കോണ്‍ഗ്രസ്, ജെ.ഡി.എസ്. എം.എല്‍.എ.മാരെ റിസോര്‍ട്ടിലും ഹോട്ടലിലുമായി പാര്‍പ്പിച്ചതോടെ നീക്കങ്ങള്‍ മന്ദഗതിയിലായി.

ജനതാദളില്‍നിന്നും കോണ്‍ഗ്രസില്‍നിന്നുമായി 14 എം.എല്‍.എ.മാരെ ബി.ജെ.പി. പിന്തുണയ്ക്കായി സജ്ജമാക്കിയിട്ടുണ്ടെന്നാണ് വിവരം. തിരഞ്ഞെടുപ്പിന് മുന്‍പുതന്നെ ഇവരുമായി ധാരണയിലെത്തിയിട്ടുണ്ടെന്നാണ് പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെടുന്നത്. ഇരു പാര്‍ട്ടികളില്‍നിന്നുമായി ഏഴ് എം.എല്‍.എ.മാര്‍ രാജിക്ക് തയ്യാറാകുമെന്നും സൂചനയുണ്ട്. യെദ്യൂരപ്പ നിയമസഭയില്‍ വിശ്വാസവോട്ട് നേടുന്ന ദിവസം സഭയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ്ജനതാദള്‍എസ് എം.എല്‍.എ.മാരില്‍ സമര്‍ദം ചെലുത്തുന്ന തന്ത്രമാണ് ബി.ജെ.പി.യുടേത്. സത്യപ്രതിജ്ഞ ചെയ്യാത്തതിനാല്‍ കൂറുമാറ്റ നിരോധനനിയമം ഇവര്‍ക്ക് ബാധകമാകില്ല. ഇത്തരമൊരു നീക്കം മുന്നില്‍ക്കണ്ടാണ് കോണ്‍ഗ്രസും ജനതാദള്‍എസും എം.എല്‍.എ.മാരെ റിസോര്‍ട്ടിലും ഹോട്ടലിലുമായി പാര്‍പ്പിച്ചത്.

അതിനിടെ മൂന്ന് എം.എല്‍.എ.മാര്‍ കോണ്‍ഗ്രസിന്റെ പിടിയില്‍നിന്ന് കടന്നതായും സൂചനയുണ്ട്. ബി.ജെ.പി.യില്‍നിന്നും കോണ്‍ഗ്രസിലെത്തിയ ആനന്ദ് സിങ്, ഹൈദരാബാദ്കര്‍ണാടക മേഖലയില്‍നിന്നുള്ള എം.എല്‍.എ.മാരായ പ്രതാപ് ഗൗഡ പാട്ടീല്‍, രാജശേഖര്‍ പാട്ടീല്‍ എന്നിവരാണവര്‍. എന്നാല്‍, ഇക്കാര്യം കോണ്‍ഗ്രസ് നിഷേധിച്ചു. എം.എല്‍.എ.മാര്‍ കോണ്‍ഗ്രസിനോടൊപ്പമുണ്ടെന്നും ആരും ബി.ജെ.പി. പാളയത്തിലെത്തില്ലെന്നും കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular