ഡെറിക് എബ്രഹാം എത്തുന്നു… അബ്രഹാമിന്റെ സന്തതികളുടെ റിലീസ് ഡേറ്റ് …

കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഷാജി പടൂര്‍ ഒരുക്കുന്ന ചിത്രം ‘അബ്രഹാമിന്റെ സന്തതികളുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. റംസാന്‍ ദിനമായ ജൂണ്‍ 15ന് ചിത്രം തീയേറ്ററുകളിലെത്തും.

ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും ആദ്യഗാനത്തിനും സോഷ്യല്‍ മീഡിയയില്‍ വന്‍വരവേല്പാണ് ലഭിച്ചത്. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. ‘യെരുശലേം നായക’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് വിട്ടത്. ശ്രെയ ജയദീപ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. റഫീക് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

ഒരു വിദ്യാലയത്തിന്റെ പശ്ചാത്തലത്തിലാണ് ഗാനം. ഒരു ഇന്‍വെസ്റ്റിഗേഷന്‍ സിനിമ ആയിരിക്കും അബ്രഹാമിന്റെ സന്തതികളെന്ന സൂചന ഗാനം നല്‍കുന്നുണ്ട്. ഡെറിക് എബ്രഹാം എന്ന അസിസ്റ്റന്റ് പൊലീസ് കമ്മീഷണറായാണ് മമ്മൂട്ടി ഈ ചിത്രത്തിലെത്തുന്നത്.

കനിഹ നായികയായെത്തുന്ന ചിത്രത്തില്‍ സിദ്ദീഖ്, രഞ്ജി പണിക്കര്‍, അന്‍സണ്‍ പോള്‍, സുരാജ് വെഞ്ഞാറമ്മൂട്, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ടേക്ക്-ഓഫ് സംവിധായകന്‍ മഹേഷ് നാരായണനാണ് അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിന്റെ എഡിറ്റര്‍.

ദി ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഹനീഫ് അദനിയാണ് ഈ ചിത്രത്തിനും തിരക്കഥയെഴുതിയിരിക്കുന്നത്. സൂര്യാ ടി.വിക്കാണ് സാറ്റ്ലൈറ്റ് റൈറ്റുകള്‍ നല്‍കിയിരിക്കുന്നത്. കൊച്ചിയില്‍ ചിത്രീകരണം നടന്ന ഈ സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ നിര്‍മാണം ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്സാണ്.

SHARE