കോണ്‍ഗ്രസിന് തിരിച്ചടി; രാവിലെ ഒമ്പതിന് യെദ്യൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: യെദ്യൂരപ്പയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി. സത്യപ്രതിജ്ഞ സ്റ്റേ ചെയ്യാനാകില്ല. നിശ്ചയിച്ചതുപോലെ ഇന്ന് രാവിലെ ഒമ്പതിന് യെദ്യൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാം. സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള കാര്യങ്ങള്‍ കോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹര്‍ജി നാളെ രാവിലെ 10.30 ന് വീണ്ടും പരിഗണിക്കും.

ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ ഇടപെടാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ഗവര്‍ണറുടെ ഉത്തരവ് കോടതിക്ക് മരവിപ്പിക്കാന്‍ സാധിക്കില്ല. സര്‍ക്കാരുണ്ടാക്കാന്‍ അവകാശമുന്നയിച്ച് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ഹാജരാക്കാന്‍ കോടതി ബി.ജെപി.യോട് ആവശ്യപ്പെട്ടു. അതിലെ നിയമപരമായ ശരിതെറ്റുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അതിന് ശേഷം തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു.കോടതിയുടെ നിലപാട് വാക്കാല്‍ വ്യക്തമാക്കിയിട്ടേയുള്ളു. രണ്ടുമണിക്കൂറോളം നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് കോടതി തീരുമാനമെടുത്തത്.

അതേസമയം ഹര്‍ജിയില്‍ വിധി പ്രഖ്യാപിക്കാന്‍ തുടങ്ങിയപ്പോള്‍ അഭിഷേക് സിങ്വി ഇടപെട്ട് സത്യപ്രതിജ്ഞ രാവിലെ ഒമ്പത് എന്നതിന് പകരം വൈകിട്ട് നാലുമണിയിലേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനെ എതിര്‍ത്ത് ബിജെപി അഭിഭാഷകന്‍ മുകുള്‍ റോത്തഗി രംഗത്ത് വന്നു.

Similar Articles

Comments

Advertismentspot_img

Most Popular