കാനില്‍ പ്രേക്ഷകരെ ഞെട്ടിച്ച് നിത്യ മേനോന്റെ ‘പ്രാണ’….!

കാന്‍ ചലചിത്ര മേളയുടെ മനം കവര്‍ന്ന് നിത്യ മേനോന്‍ ചിത്രമായ പ്രാണയുടെ ട്രെയ്ലര്‍. വികെ പ്രകാശ് സംവിധാനം ചെയ്ത് മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, ഭാഷകളിലൊരുങ്ങുന്ന പ്രാണയുടെ ട്രെയ്ലര്‍ കഴിഞ്ഞ മുന്നു ദിവസങ്ങളിലും കാന്‍ വേദിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ദക്ഷിണേന്ത്യയിലെ സുന്ദരമായ ഹില്‍സ്റ്റേഷനുകളുടെ പശ്ചാത്തലത്തിലാണ് പ്രാണ ഒരുക്കിയിട്ടുള്ളത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന അനീതിയും അസഹിഷ്ണുതയും ഇതി വൃത്തമായി ഒരുങ്ങുന്ന ചിത്രത്തില്‍ സാമൂഹിക പ്രവര്‍ത്തകയായ എഴുത്തുകാരിയായാണ് നിത്യ മേനോന്‍ വേഷമിടുന്നത്. സക്രീനില്‍ നിത്യ മേനോന്‍ മാത്രമാണുളളതെന്ന പ്രത്യേകതയും പ്രാണയ്ക്കുണ്ട്.

നിരവധി പ്രത്യേകതയോടെ ഒരുങ്ങുന്ന പ്രാണയുടെ അണിയറയില്‍ ഓസ്‌കര്‍ പുരസ്‌കാര ജേതാവ് റസൂല്‍ പൂക്കുട്ടി, പ്രശസ്ത ക്യാമറാമാന്‍ പിസി ശ്രീറാം എന്നിവരും ഉള്‍പ്പെടുന്നു. ഇന്ത്യയിലാദ്യമായി സറൌണ്ട് സിങ്ക് ശബ്ദ ഫോര്‍മാറ്റില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് പ്രാണ. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തനായ ജാസ് മ്യുസീഷ്യന്‍ ലൂയിസ് ബാങ്ക്സിന്റേതാണ് സംഗീതം. എസ് രാജ് പ്രൊഡക്ഷന്‍, റിയല്‍ സ്റ്റുഡിയോ എന്നിവയുടെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം സുരേഷ് രാജ്, അനിതാ രാജ്, പ്രവീണ്‍ എസ് കുമാര്‍ എന്നിവരാണ് നിര്‍മിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ചിത്രം ആഗസ്റ്റിലാണ് റിലീസ് ചെയ്യുക.

SHARE