ന്യൂയോര്‍ക്കിന് പറക്കാം വെറും 13,499 രൂപയ്ക്ക് അതും ഡല്‍ഹിയില്‍ നിന്ന്!

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പറക്കാന്‍ ഏറ്റവും ചിലവ് കുറഞ്ഞ വിമാന പാക്കേജുമായി എത്തിയിരിക്കുകയാണ് ഐസ്ലന്‍ഡിന്റെ വിമാന സര്‍വീസായ ‘വൗവ് എയര്‍’. ഈ വര്‍ഷം ഡിസംബര്‍ മുതല്‍ ഡല്‍ഹിയില്‍ നിന്ന് തലസ്ഥാനമായ റെയ്ക്യവിക് വഴി നോര്‍ത്ത് അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലേക്ക് പോകുന്ന സര്‍വീസുകള്‍ തുടങ്ങും. 13,499 മുതലാണ് ടിക്കറ്റ് നിരക്കുകള്‍.

എന്നാല്‍ ഇതില്‍ എല്ലാം ഉള്‍പ്പെടില്ല എന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്. ഭക്ഷണത്തിനും ബാഗേജിനുമുള്ള തുക വേറെ അടയ്ക്കണം. വൗവ് പ്രീമിയം ആയ 13,499 രൂപയുടെ ടിക്കറ്റ് കൂടാതെ 46,599 രൂപവരയുളള വൗവ് പ്ലസ്, വൗവ് കോംഫി ടിക്കറ്റ് വരെയുണ്ട്.

എയര്‍ബസ് എ330 നിയോയില്‍ ആഴ്ചയില്‍ അഞ്ചു ദിവസമാണ് ഇന്ത്യയിലേക്ക് വിമാന സര്‍വീസ് നടത്തുക. നിലവില്‍ യുറോപ്പ്, നോര്‍ത്ത് അമേരിക്ക എന്നിവിടങ്ങളിലെ ലണ്ടന്‍, പാരിസ്, ന്യൂയോര്‍ക്ക്, ടൊറണ്ടോ എന്നിവയടക്കം ഏകദേശം 39 സ്ഥലത്തേക്കാണ് കമ്പനിക്ക് സര്‍വീസ് ഉള്ളത്. യുഎസിലേക്ക് പോകുന്നവര്‍ക്ക് ഐസ്ലന്‍ഡിന്റെ തലസ്ഥാനമായ റെയ്ക്യവില്‍ കുറച്ചുസമയം ചെലവഴിക്കാം. അവിടെനിന്നും വൗവ് വിമാനത്തില്‍ യുഎസിലേക്ക് പോകാം.

ഡല്‍ഹിയില്‍ നിന്നും ഐസ്ലന്‍ഡിന്റെ തലസ്ഥാന നഗരിയായ റെയ്ക്യവിക്കില്‍ യാത്രക്കാര്‍ സമയം ചെലവഴിക്കുന്നതുള്‍പ്പെടെ 20 മണിക്കൂര്‍ കൊണ്ട് ന്യൂയോര്‍ക്കിലെത്താം എന്നാണു എയര്‍വേയ്‌സ് വെബ്‌സൈറ്റില്‍ പറയുന്നത്.

”ആഴ്ചയില്‍ അഞ്ചു ദിവസമാണ് ഡല്‍ഹിയില്‍ നിന്ന് റെയ്ക്യവിലേക്ക് നേരിട്ടുള്ള സര്‍വീസ് ഉണ്ടാവുക. ഇത് വഴി നോര്‍ത്ത് അമേരിക്കയിലെയും യുറോപ്പിലെയും വിവിധ സ്ഥലങ്ങളിലേക്ക് എത്തിച്ചേരാന്‍ സഹായിക്കും” എയര്‍ലൈന്‍സ് സ്ഥാപകനും എക്‌സിക്യുട്ടീവ് ഓഫിസറുമായ സ്‌കുലി മോഗന്‍സന്‍ ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഏകദേശം 20,000 ഇന്ത്യക്കാര്‍ ദിവസേന നോര്‍ത്ത് അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതിനാല്‍ എയര്‍ലൈന്‍സ് ഇന്ത്യയില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പങ്കുവച്ചു.

SHARE