മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിക്കാം, കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി:മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചാല്‍ കേസ് എടുക്കാനാവില്ലെന്ന് ഹൈക്കോടതി. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥ നിലവില്‍ നിയമത്തില്‍ ഇല്ലാത്തതിനാല്‍ പൊലിസിന് കേസ് എടുക്കാന്‍ കഴിയില്ലെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.

കാക്കനാട് സ്വദേശി എംജെ സന്തോഷ് നല്‍കിയ ഹരജിയിലാണ് ഡിവിഷന്‍ ബഞ്ചിന്റെ വിധി.നിലവില്‍ പൊലിസ് ആക്ടിലെ 118(ഇ) വകുപ്പ് പ്രകാരമാണ് ഇതുമായി ബന്ധപ്പെട്ട് കേസെടുക്കാറുള്ളത്. അറിഞ്ഞുകൊണ്ട് ഒരാള്‍ പൊതുജനങ്ങളെയും പൊതുസുരക്ഷയെയും അപകടപ്പെടുത്തുന്ന കാര്യങ്ങള്‍ ചെയ്യുന്നത് കുറ്റകരമാണെന്നത് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുക്കുന്നത്.

ഫോണില്‍ സംസാരിച്ച് വാഹനം ഓടിക്കുന്ന ഒരാളെ പൊതുജനങ്ങളെ അപകടപ്പെടുത്തുന്ന ഒരാളായി അനുമാനിക്കാന്‍ കഴിയില്ലെന്നും കേസെടുക്കാന്‍ സാധിക്കില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.ഇത്തരത്തില്‍ കേരളത്തില്‍ എവിടെയെങ്കിലും പൊലിസ് കേസ് എടുത്തിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കാന്‍ കേസ് നിലവിലുള്ള മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും വിധിയില്‍ വ്യക്തമാക്കുന്നുണ്ട്.

SHARE