‘സ്വന്തം കടയുടെ പരസ്യത്തിന് ഭര്‍ത്താവിനെ പെണ്‍വേഷം കെട്ടിച്ച ഭാര്യ’ ജയസൂര്യയുടെ ഭാര്യ; സരിതയെ പരിഹസിച്ച് സംവിധായകന്‍

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലും ജീവിതത്തിലും ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന താരമാണ് ജയസൂര്യ. ആടും പ്രേതവുമൊക്കെ ഇതിന്റെ ഉദാഹരണങ്ങളാണ്. ജയസൂര്യയുടെ ഭാര്യയും ഫാഷന്‍ ഡിസൈനറുമായ സരിതയുടെ കരവിരുതില്‍ ഒരുങ്ങിയതായിരുന്നു ആ ട്രെന്‍ഡ് ബ്രേക്കിങ് സ്റ്റൈല്‍സ്.

സ്വന്തമായി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ വില്‍പന നടത്തുന്ന സരിതയുടെ ഡിസൈനര്‍ ഷോപ്പിന്റെ പുതിയ പരസ്യം കൊച്ചി നഗരത്തിലെ ഹോര്‍ഡിങുകളില്‍ അവിടിവിടെയായി പൊങ്ങിയിട്ടുണ്ട്. പ്രശസ്ത നടിമാരൊന്നുമല്ല ഇക്കുറി സരിതയുടെ മോഡല്‍, ഭര്‍ത്താവായ ജയസൂര്യ തന്നെയാണ്. ഭാര്യയുടെ കരവിരുതില്‍ പിറന്ന സാരിയുടുത്താണ് ജയസൂര്യ പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെട്ടത്. തന്റെ പുതിയ സിനിമയായ ഞാന്‍ മേരിക്കുട്ടിയുടെ ലുക്കിലാണ് ജയസൂര്യ പരസ്യത്തിന് മോഡലായിരിക്കുന്നത്.

ഞാന്‍ മേരിക്കുട്ടിയുടെ സംവിധായകന്‍ രഞ്ജിത്ത് ശങ്കറാണ് ഈ പരസ്യത്തിന്റെ ഫോട്ടോ തന്റെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ”ലോക ചരിത്രത്തില്‍ ആദ്യമായി സ്വന്തം കടയുടെ പരസ്യത്തിന് ഭര്‍ത്താവിനെ പെണ്‍വേഷം കെട്ടിച്ച ഭാര്യ” എന്ന അടിക്കുറിപ്പോടെയാണ് രഞ്ജിത്ത് ചിത്രം പോസ്റ്റ് ചെയ്തത്. നിമിഷങ്ങള്‍ക്കകം തന്നെ പോസ്റ്റ് വൈറലായി.

ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തില്‍ ‘ട്രാന്‍സ് സെക്സായിട്ടാണ്’ ജയസൂര്യ അഭിനയിക്കുന്നത്. സാരിയുടുത്താണ് ജയസൂര്യ ചിത്രത്തിലെത്തുന്നത്. സരിത തന്നെയാണ് ഈ ചിത്രത്തിലെ വേഷവിധാനങ്ങള്‍ക്ക് പിന്നിലും. ജയസൂര്യയുടെ പുതിയ സ്‌റ്റൈല്‍ ഇക്കുറി പെണ്‍കുട്ടികള്‍ക്കിടയിലാണ് ട്രെന്‍ഡാകുന്നത്.

SHARE