ഇന്ധനവില ഇനി കുതിക്കും; ഇനിയൊരു തെരഞ്ഞെടുപ്പ് വരുന്നതും കാത്ത് ജനങ്ങള്‍..!

തിരുവനന്തപുരം: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ ഇന്ധനവില വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍. പെട്രോളിന് ലിറ്ററിന് 17 പൈസയും ഡീസലിന് ലിറ്ററിന് 23 പൈസയുമാണ് ഇന്ന് കൂട്ടിയത്.
ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 78.78 രൂപയും ഡീസലിന് 71.75 രൂപയുമായി. തെരഞ്ഞെടുപ്പിലെ ജനരോഷം ഭയന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതോടെ കഴിഞ്ഞ 19 ദിവസമായി വില മാറ്റമില്ലാതെ നില്‍ക്കുകയായിരുന്നു.

ഏപ്രില്‍ 24ന് ശേഷം ആഗോള വിപണിയില്‍ എണ്ണവിലയില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടും അതിനനുസൃതമായി മാറ്റം എണ്ണ കമ്പനികള്‍ വരുത്തിയിരുന്നില്ല. കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടല്‍ മൂലമാണ് ദിനംപ്രതി മാറ്റം വന്ന് കൊണ്ടിരുന്ന എണ്ണവില തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ച് നിര്‍ത്തിയതെന്നായിരുന്നു പ്രതിപക്ഷ ആരോപണം.

ആഗോള വിപണിക്ക് അനുസൃതമായി ദിനംപ്രതി എണ്ണ വിലയില്‍ മാറ്റം വരുത്താനുള്ള തീരുമാനത്തിന് ശേഷം വിലയിലെ മാറ്റം മരവിപ്പിച്ച് നിര്‍ത്തുന്നത് ഇതാദ്യമായിട്ടായിരുന്നു. ഇക്കാലയളവില്‍ എണ്ണ കമ്പനികള്‍ക്കുണ്ടായ നഷ്ടം വരും ദിവസങ്ങളിലെ വര്‍ധനവിലൂടെ നികത്തുമെന്നാണ് സൂചന. ഇനിയൊരു തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമായിരിക്കും ഇന്ധനവില വര്‍ധന നിര്‍ത്തിവയ്ക്കൂ എന്നാണ് ജനങ്ങള്‍ കരുതുന്നത്…

Similar Articles

Comments

Advertismentspot_img

Most Popular