നാലിനല്ല; സ്‌കൂളുകള്‍ ജൂണ്‍ ഒന്നിനുതന്നെ തുറക്കും, ശനിയാഴ്ചയും പ്രവര്‍ത്തിദിവസം

തിരുവനന്തപുരം: മധ്യവേനല്‍ അവധിക്കുശേഷം പൊതുവിദ്യാലയങ്ങള്‍ ജൂണ്‍ ഒന്ന് വെള്ളിയാഴ്ചതന്നെ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജൂണ്‍ രണ്ട് ശനിയാഴ്ചയും പ്രവൃത്തിദിവസമായിരിക്കും. ഔദ്യോഗിക പ്രഖ്യാപനം ഈയാഴ്ച ഉണ്ടാകും. സ്‌കൂളുകള്‍ തുറക്കുന്നത് ബുധനാഴ്ചയോ തിങ്കളാഴ്ചയോ എന്ന കീഴ്‌വഴക്കത്തിന് ഇതോടെ മാറ്റംവരുത്തുകയാണ് സര്‍ക്കാര്‍ ഇതിലൂടെ ചെയ്യുന്നത്. ജൂണ്‍ ഒന്ന് വെള്ളിയാഴ്ച ആയതുകൊണ്ട് ഇത്തവണ എന്തായാലും ജൂണ്‍ നാലിനേ സ്‌കൂള്‍ തുറക്കൂ എന്നാണ് എല്ലാവരും കരുതിയത്.

220 പ്രവൃത്തിദിവസം അടുത്ത അധ്യയനവര്‍ഷം ഉണ്ടാവണമെന്നതിനാലാണ് ഇങ്ങനെയൊരു തീരുമാനം. പുതിയ വിദ്യാഭ്യാസാവകാശ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിക്കണമെങ്കില്‍ 220 പ്രവൃത്തിദിനം വേണം. അടുത്ത അധ്യയനവര്‍ഷം മുന്‍കൊല്ലത്തെക്കാള്‍ കൂടുതല്‍ ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാകും. അടുത്തവര്‍ഷത്തേക്കുള്ള പൊതുവിദ്യാഭ്യാസ കലണ്ടര്‍ പുറത്തിറങ്ങിയാലേ ശനിയാഴ്ചകളിലെ പ്രവൃത്തിദിനങ്ങള്‍ അറിയാന്‍ കഴിയൂ.

മേയ് 31 തിങ്കളാഴ്ചയാണെങ്കില്‍ തൊട്ടടുത്ത ബുധനാഴ്ചയോ, ബുധനാഴ്ചയാണെങ്കില്‍ അടുത്ത തിങ്കളാഴ്ചയോ ആണ് സ്‌കൂള്‍ തുറന്നിരുന്നത്. ആ പതിവനുസരിച്ച് ഇക്കൊല്ലം ജൂണ്‍ നാലിന് തിങ്കളാഴ്ച സ്‌കൂള്‍ തുറക്കുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. ജൂണ്‍ നാലിന് സ്‌കൂള്‍ തുറക്കുമെന്നാണ് സംസ്ഥാനത്തെ മിക്ക സി.ബി.എസ്.ഇ. സ്‌കൂളുകളും അറിയിച്ചിരിക്കുന്നത്. സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് ഈ തീരുമാനം ബാധകമല്ല.

Similar Articles

Comments

Advertismentspot_img

Most Popular