പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം അട്ടിമറിക്കാന്‍ ശ്രമം; തടി രക്ഷിക്കാന്‍ പൊലീസ് പുതിയ കഥ മെനയുന്നു; സംഭവം ഏപ്രില്‍ 18ന് വൈകീട്ട് ആറുമണിയുടെ ഷോയ്ക്ക്

മലപ്പുറ: എടപ്പാളില്‍ തീയേറ്ററില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പുതിയ സംഭവവികാസങ്ങള്‍ അരങ്ങേറുന്നു. പോലീസിന്റെ ഭാഗത്ത് വീഴ്ചയില്ലെന്നു സ്ഥാപിക്കാനും നീക്കം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. സി.സി.ടി.വി. ദൃശ്യങ്ങള്‍ രണ്ടുദിവസംമുന്‍പ് പോലീസിന് നേരിട്ട് കൈമാറുകയായിരുന്നെന്ന് വരുത്തിത്തീര്‍ക്കാനാണ് ഇപ്പോള്‍ പൊലീസിന്റെ ശ്രമം. ഇങ്ങനെ നിര്‍ബന്ധപൂര്‍വം പോലീസ് എഴുതിവാങ്ങുകയും ചെയ്തു. നില്‍ക്കക്കള്ളിയില്ലാതായ പോലീസ്, തടിരക്ഷിക്കാനും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ കുടുക്കാനുമാണ് ഇങ്ങനെ എഴുതിവാങ്ങിയതെന്നാണ് സൂചന. രണ്ടുദിവസം മുന്‍പുമാത്രം കിട്ടിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു നീക്കം. എന്നാല്‍ ഈവിവരം വാര്‍ത്തയായതോടെ വൈകീട്ട് ഉന്നതോദ്യോഗസ്ഥര്‍ ഇടപെട്ട് ഇതു തിരുത്തുകയും ചെയ്തു.

വൈകീട്ട് തിയേറ്റര്‍ മാനേജരെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചാണ് തിരൂര്‍ ഡിവൈ.എസ്.പിയും ഡി.സി.ആര്‍.ബി ഡിവൈ.എസ്.പിയും വീണ്ടും അന്വേഷണം നടത്തിയത്. നേരത്തേതന്ന പ്രസ്താവന ശരിയല്ലേ എന്ന് ഇവര്‍ ചോദിച്ചു. അല്ലെന്ന് മാനേജര്‍ പറയുകയും ചെയ്തു. മാത്രമല്ല തന്നെക്കൊണ്ട് വേറൊരു വെള്ളപ്പേപ്പറില്‍ ഒപ്പിട്ടുവാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മാനേജരുടെ പുതിയ പ്രസ്താവന എഴുതിവാങ്ങുകയായിരുന്നു.

ഏപ്രില്‍ 18ന് ആറുമണിയുടെ പ്രദര്‍ശനത്തിനിടെയാണ് സംഭവം നടന്നത്. പിറ്റേന്നുതന്നെ തിയറ്റര്‍ ഉടമ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകനായ ശിഹാബിനെ അറിയിച്ചു. ഇദ്ദേഹം നല്‍കിയ വിവരംവെച്ച് ദൃശ്യങ്ങള്‍ സഹിതം 26ന് ചങ്ങരംകുളം പോലീസില്‍ പരാതിനല്‍കി. ഈമാസം 12 വരെയും കേസെടുക്കുകയോ പ്രതിയെ അറസ്റ്റ്‌ചെയ്യുകയോ ഉണ്ടായില്ല.

ഇതേത്തുടര്‍ന്നാണ് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ വിവരം മാധ്യമങ്ങളെ അറിയിച്ചത്. ചാനലില്‍ വാര്‍ത്തവന്ന് അരമണിക്കൂറിനകം കേസെടുത്തു. മൂന്നുമണിക്കൂറിനകം പ്രതിയെ അറസ്റ്റ്‌ചെയ്തു. ഇത്ര എളുപ്പത്തില്‍ ചെയ്യാമായിരുന്ന കാര്യമാണ് പോലീസ് പൂഴ്ത്തിവെച്ചത്. ദൃശ്യംകിട്ടി അധിക സമയമായില്ലെന്നും അന്വേഷണം നടത്തിവരികയായിരുന്നെന്നും സ്ഥാപിക്കുകയായിരുന്നു പോലീസിന്റെ ലക്ഷ്യം.

പരാതിലഭിച്ച ഉടനെ വിവരം തിരൂര്‍ ഡിവൈ.എസ്.പിയെ അറിയിച്ചെന്ന് ചങ്ങരംകുളം എസ്.ഐ കെ.ജി. ബേബി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പരാതി നേരത്തേ ലഭിച്ചിരുന്നെന്ന് ജില്ലാ പോലീസ് മേധാവിയും കഴിഞ്ഞദിവസം സമ്മതിച്ചു. അങ്ങനെയെങ്കില്‍ തുടര്‍നടപടിയെടുക്കേണ്ട ബാധ്യതയില്‍നിന്ന് മേലുദ്യോഗസ്ഥര്‍ക്കും ഒഴിഞ്ഞുമാറാനാവില്ല. എസ്‌ഐയെമാത്രം ബലിയാടാക്കി രക്ഷപ്പെടാനുള്ള നീക്കത്തിന് ഇതെല്ലാം തടസ്സമാകും. ഇതിനിടെ ഇന്റലിജന്‍സിനും ഇക്കാര്യം തക്കസമയത്ത് അറിയിക്കുന്നതില്‍ വീഴ്ചയുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ബ്രാഞ്ച് ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കാന്‍ തൃശ്ശൂര്‍ റെയ്ഞ്ച് ഐ.ജി. മലപ്പുറം എസ്.പിക്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.

SHARE