പി.ചിദംബരത്തെ കാത്തിരിക്കുന്നത് പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ അവസ്ഥയാണെന്ന് ബിജെപി

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തെ കാത്തിരിക്കുന്നത് പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ അവസ്ഥയാണെന്ന മുന്നറിയിപ്പുമായി ബിജെപി രംഗത്ത്. 20,000 കോടിയിലേറെ രൂപ ചിദംബരവും കുടുംബാംഗങ്ങളും വിവിധ വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് വിവിധ കുറ്റങ്ങള്‍ ചുമത്തിയതോടെ, പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ അവസ്ഥയിലേക്കാണ് ചിദംബരത്തിന്റെ പോക്കെന്നും നിര്‍മല പറഞ്ഞു. ആദായ നികുതി വകുപ്പിന്റെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ചിദംബരത്തിന്റെ കുടുംബം വ്യക്തമാക്കിയതിനു പിന്നാലെയായിരുന്നു നിര്‍മലയുടെ വാര്‍ത്താസമ്മേളനം.

കള്ളപ്പണം ഒളിപ്പിക്കല്‍, നികുതി വെട്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരം, മകന്‍ കാര്‍ത്തി, മകന്റെ ഭാര്യ ശ്രീനിധി എന്നിവര്‍ക്കെതിരെ ആദായനികുതി വകുപ്പ് ചെന്നൈ കോടതിയില്‍ ഇക്കഴിഞ്ഞ മേയ് 11ന് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. കള്ളപ്പണം പിടിച്ചെടുക്കാന്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം, യഥാര്‍ഥ സ്വത്തുവിവരം മറച്ചുവച്ചു ലംഘിച്ചിരിക്കുകയാണു ചിദംബരമെന്നും അവര്‍ ആരോപിച്ചു.
ബ്രിട്ടന്‍, യുഎസ് എന്നിവിടങ്ങളിലായി വെളിപ്പെടുത്താത്ത സ്വത്ത് സൂക്ഷിച്ചതിനാണ് ചിദംബരത്തിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ ആദായനികുതി വകുപ്പ് നിലവില്‍ കേസ് റജിസ്റ്റര്‍ ചെയ്തതെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ബ്രിട്ടനിലെ കേംബ്രിജില്‍ 5.37 കോടിയുടെ സ്വത്ത്, ബ്രിട്ടനില്‍ത്തന്നെ 80 ലക്ഷത്തിന്റെ വസ്തുക്കള്‍, യുഎസില്‍ 3.2 കോടിയുടെ സ്വത്ത് എന്നിങ്ങനെ കണക്കില്‍പ്പെടാത്ത ഒട്ടേറെ സ്വത്ത് ചിദംബരത്തിനുണ്ടെന്നും മന്ത്രി പറഞ്ഞു.ബിജെപി നേതാക്കള്‍ക്കെതിരായ അഴിമതിയാരോപണങ്ങള്‍ പൊതുജന മധ്യത്തില്‍ വിളിച്ചുപറയുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ചിദംബരത്തിനെതിരായ ഈ കേസുകളുടെ നിജസ്ഥിതി അന്വേഷിക്കാന്‍ തയാറുണ്ടോയെന്നും നിര്‍മല സീതാരാമന്‍ വെല്ലുവിളിച്ചു. വിദേശത്തുള്ള സ്വത്തുക്കളുടെ യഥാര്‍ഥ വിവരം വെളിപ്പെടുത്താത്തതിന്റെ കാരണം പൊതുജനങ്ങളെ അറിയിക്കാന്‍ ചിദംബരം തയാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പാനമ പേപ്പര്‍ ചോര്‍ച്ചയിലൂടെ യഥാര്‍ഥ സ്വത്തുവിവരം മറച്ചുവച്ചതായി തെളിഞ്ഞ നവാസ് ഷരീഫിനെ പാക്ക് സുപ്രീം കോടതി പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയിരുന്നു. ഈ അവസ്ഥ ചിദംബരത്തിനും വരുമെന്നാണ് ബിജെപി നല്‍കുന്ന മുന്നറിയിപ്പ്.

Similar Articles

Comments

Advertismentspot_img

Most Popular