തീയേറ്ററിലെ പീഡനത്തില്‍ അമ്മയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ്

മലപ്പുറം: സിനിമാ തീയേറ്ററില്‍ ബാലികയെ ശാരീരികമായി ഉപദ്രവിച്ച സംഭവത്തില്‍ അമ്മയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാന്‍ എസ്.പി നിര്‍ദ്ദേശം നല്‍കി. അമ്മയുടെ അറിവോടെയാണ് കുട്ടിക്കു നേരെ പീഡനം നടന്നതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അമ്മയെ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ പ്രതിയായ തൃത്താല സ്വദേശിയും വ്യവസായിയുമായ കണ്‍കുന്നത്ത് മൊയ്തീന്‍കുട്ടി (60) ഇന്നലെ പിടിയിലായിരുന്നു.

മൊയ്തീന്‍ കുട്ടി മകളെ പീഡിപ്പിച്ചത് അറിഞ്ഞില്ലെന്നും ഒന്നിച്ചല്ല സിനിമ കാണാന്‍ വന്നതെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. മൊയ്തീന്‍ കുട്ടിയെ വര്‍ഷങ്ങളായി പരിചയമുണ്ടെന്ന് പറഞ്ഞ അമ്മ സിനിമാ തിയേറ്ററില്‍ വച്ച് യാദൃശ്ചികമായാണ് മൊയ്തീന്‍ കുട്ടിയെ കണ്ടതെന്ന് മൊഴി നല്‍കി.

അമ്മയ്ക്കൊപ്പം ഇരിക്കുമ്പോഴാണ് കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടന്നത്. അമ്മയുടെ മൗനാനുവാദത്തോടെയാണ് മൊയ്തീന്‍കുട്ടി പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരുന്നു. മൊയ്തീന്‍കുട്ടിയുടെയും സ്ത്രീയുടെയും പേരില്‍ പോക്സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ മഞ്ചേരി കോടതിയില്‍ ഇന്ന് ഹാജരാക്കും. പെണ്‍കുട്ടിയെ റെസ്‌ക്യു ഹോമിലേക്കു മാറ്റിയിട്ടുണ്ട്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇവിടെയെത്തി കുട്ടിയുടെ മൊഴിയെടുക്കും.

കുട്ടിയെ മൊയ്തീന്‍ മുന്‍പും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട് എന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പോക്സോ നിയമത്തിലെ ആറ്, ഏഴ് വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കൂടുതല്‍ ഗൗരവമുള്ള നാല്, അഞ്ച് വകുപ്പുകള്‍കൂടി ചുമത്തുന്നത് സംബന്ധിച്ച് അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. കുട്ടി ഗുരുതരമായ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന സൂചന ലഭിച്ച സാഹചര്യത്തിലാണിത്.

SHARE