തീയേറ്റര്‍ പീഡനം; സ്ത്രീക്കെതിരേ കേസെടുക്കണം; തീയറ്റര്‍ ഉടമയ്ക്ക് അഭിനന്ദനം

തിരുവനന്തപുരം: എടപ്പാളിലെ സിനിമാ തിയറ്ററില്‍ പത്തുവയസ്സുകാരിയായ മകളെ പീഡിപ്പിക്കുന്നതിന് ഒത്താശ ചെയ്ത സ്ത്രീക്കെതിരെ കേസെടുക്കണമെന്ന് വനിതാ കമ്മിഷന്‍. അമ്മയുടെ അറിവോടെയാണ് പീഡനം നടന്നതെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ വ്യക്തമാക്കി. വനിതാ കമ്മിഷന്‍ അധ്യക്ഷ എടപ്പാളിലെത്തി തിയറ്റര്‍ ഉടമയുമായി കൂടിക്കാഴ്ച നടത്തി. വിവരം ചൈല്‍ഡ് ലൈനെ അറിയിച്ച തിയറ്റര്‍ ഉടമയെ അവര്‍ അഭിനന്ദിച്ചു. പീഡനത്തിന് ഇരയായ കുട്ടിയുടെ അമ്മ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ നിര്‍ഭയ ഹോമിലേക്ക് മാറ്റി.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാലക്കാട് തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടിയെ (60) ഇന്ന് പൊന്നാനി കോടതിയില്‍ ഹാജരാക്കും. അതേസമയം, വിവരമറിഞ്ഞ് 15 ദിവസം കഴിഞ്ഞിട്ടും കേസെടുക്കാന്‍ വൈകിയതിന് ചങ്ങരംകുളം എസ്‌ഐ കെ.ജി.ബേബിയെ ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ സസ്‌പെന്‍ഡ് ചെയ്തു.

കഴിഞ്ഞ ഏപ്രില്‍ 18ന് എടപ്പാളിലെ തിയേറ്ററിലാണ് കേസിനാസ്പദമായ സംഭവം. സ്ത്രീയും കുട്ടിയും ആദ്യം തിയറ്റിലെത്തുകയും പിന്നീട് പ്രതി ആഡംബരകാറില്‍ എത്തുകയുമായിരുന്നു. മുതിര്‍ന്ന സ്ത്രീക്കൊപ്പമെത്തിയ പെണ്‍കുട്ടിയെ തൊട്ടടുത്ത സീറ്റിലിരുന്ന മധ്യവയസ്‌കന്‍ ഉപദ്രവിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. 25ന് തിയറ്റര്‍ ഉടമകള്‍ വിവരം ചൈല്‍ഡ്‌ലൈനിനെ അറിയിക്കുകയും ദൃശ്യങ്ങള്‍ കൈമാറുകയും ചെയ്തു.

26നു തന്നെ, കേസെടുക്കണമെന്ന ശുപാര്‍ശയും ദൃശ്യങ്ങളും ചൈല്‍ഡ്‌ലൈന്‍ പൊലീസു കൈമാറി. നടപടിയൊന്നും സ്വീകരിക്കാതിരുന്ന പൊലീസ് സംഭവം വിവാദമായതിനെത്തുടര്‍ന്നാണ് ഇന്നലെയാണ് കേസ് റജിസ്റ്റര്‍ ചെയ്തതും പ്രതിയെ പിടികൂടിയതും. കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം തടയല്‍ (പോക്‌സോ) നിയമം അനുസരിച്ചാണ് കേസ്.

മുന്‍കൂര്‍ജാമ്യത്തിനായി അഭിഭാഷകനെ തേടിപ്പോകുന്നതിനിടെയാണ് മൊയ്തീന്‍കുട്ടി അറസ്റ്റിലായത്. പ്രതി വിദേശത്തേക്കു കടക്കാന്‍ പദ്ധതിയിട്ടിരുന്നതായി പിടികൂടിയ പാലക്കാട് പൊലീസ് പറഞ്ഞു. രാത്രി കുറ്റിപ്പുറം സ്‌റ്റേഷനിലെത്തിച്ചു ചോദ്യംചെയ്തു. പിന്നീട് പൊന്നാനി സ്‌റ്റേഷനിലേക്ക് മാറ്റി. സ്‌റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസും ബിജെപിയും മാര്‍ച്ച് നടത്തി.

Similar Articles

Comments

Advertismentspot_img

Most Popular