തീയറ്ററില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേസെടുക്കാതെ ഒതുക്കാന്‍ ശ്രമിച്ച പൊലീസിനെതിരേയും പ്രതിഷേധം

മലപ്പുറം: മലപ്പുറത്തെ സിനിമാ തീയേറ്ററില്‍ പത്ത് വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവം അറിഞ്ഞിട്ട് 17 ദിവസം കഴിഞ്ഞിട്ടും പൊലീസ് കേസെടുത്തില്ല. ഒടുവില്‍ മാതൃഭൂമി ചാനല്‍ തീയറ്ററിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട ശേഷമാണ് പൊലീസ് കേസെടുത്തത്.

അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയോടൊപ്പമാണ് ബാലികയെ സിനിമ തിയേറ്ററില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചത്. ചങ്ങരംകുളം പോലീസാണ് കേസെടുത്തത്. തിയേറ്ററില്‍ നിന്നുള്ള ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ മാതൃഭൂമി പുറത്ത് വിട്ടത്. ആഡംബര വാഹനത്തില്‍ വന്ന ഒരാളാണ് കുട്ടിയെ പീഡിപ്പിച്ചത്. മലപ്പുറത്തെ ഒരു തിയേറ്ററിലാണ് ഈ ക്രൂരസംഭവം അരങ്ങേറിയത്.

ഏപ്രില്‍26ന് പോലീസില്‍ വിവരമറിയിച്ചിരുന്നെങ്കിലും പോലീസ് ഇതുവരെയും കേസെടുത്തിരുന്നില്ല. പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടന്നിരുന്നു. തുടര്‍ന്നാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. വാര്‍ത്ത പുറത്ത് വിട്ട ഉടനെയാണ് പോലീസ് കേസെടുത്തത്.

മലപ്പുറത്തെ തിയേറ്ററില്‍ ഏപ്രില്‍ 18നാണ് ഈ ക്രൂര സംഭവം അരങ്ങേറിയത്. മധ്യവയസ് പ്രായമുള്ള ഒരാളാണ് കുട്ടിയെ ലൈംഗികമായി കയ്യേറ്റം ചെയ്യുന്നത്. കുട്ടിക്കൊപ്പം ഒരു സ്ത്രീയും ദൃശ്യങ്ങളിലുണ്ട്. ഈ സ്ത്രീ അമ്മയാണെന്നാണ് സൂചന. ഈ സ്ത്രീക്ക് 40 വയസ്സോളം പ്രായം വരും. കുട്ടിക്ക് 10 വയസ്സിലധികം പ്രായം തോന്നിപ്പിക്കുന്നില്ല. പീഡിപ്പിച്ചയാള്‍ക്ക് ഏതാണ്ട് 50 വയസ്സ് പ്രായം തോന്നിപ്പിക്കും. ബെന്‍സ് കാറിലാണ് പീഡിപ്പിച്ചയാള്‍ എത്തിയത്. വാഹനം ഇയാളുടെ സ്വന്തമാണോ അല്ലയോ എന്നത് വ്യക്തമല്ല.

കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നത് ഒപ്പമുള്ള സ്ത്രീക്ക് മനസ്സിലായിട്ടുണ്ട് എന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ സ്ത്രീ പ്രതികരിക്കുന്നില്ല. പീഡിപ്പിക്കപ്പെടുന്ന കുട്ടി എന്താണ് നടക്കുന്നതെന്ന് പോലും തിരിച്ചറിയാനാവാതെ നിസ്സഹായയായി ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. രണ്ടര മണിക്കൂറോളമാണ് ഈ ക്രൂരത തുടര്‍ന്നത്.

തിയേറ്ററിലെ സിസിടിവിയിലാണ് സംഭവം പതിഞ്ഞത്. തിയേറ്റര്‍ അധികൃതര്‍ ഈ ദൃശ്യം ചൈല്‍ഡ് ലൈനിന്റെയും ചാനലിന്റെയും ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ നടപടിയുണ്ടാവാത്തതിനെത്തുടര്‍ന്ന് ദൃശ്യങ്ങള്‍ ചാനല്‍ പുറത്ത് വിടുകയും കേസെടുക്കുകയുമായിരുന്നു. പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇത്രയും ദിവസമായിട്ടും സംഭവത്തില്‍ നടപടിയെടുക്കാത്ത പൊലീസുകാര്‍ക്കെതിരേയും പ്രതിഷേധം ഉയരുന്നുണ്ട്.

കടപ്പാട്: മാതൃഭൂമി

Similar Articles

Comments

Advertismentspot_img

Most Popular