മലയാളികളുടെ പ്രിയ നടി സംവൃത സുനില്‍ തിരിച്ചുവരുന്നു

മലയാള സിനിമയില്‍ തന്റേതായ അഭിനയ മികവുകൊണ്ട് ആരാധകരെ നേടിയെടുത്ത താരമാണ് സംവൃത സുനില്‍. സംവിധായകന്‍ ലാല്‍ ജോസാണ് സംവൃതയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത്. ദിലീപ് നായകനായി എത്തിയ രസികന്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ സംവൃത സൂപ്പര്‍താരങ്ങളുടെ നായികയായി മികച്ച പ്രകടനം കാഴ്ചവച്ചു. നീണ്ട മുടിയും വിടര്‍ന്ന കണ്ണുകളുമുള്ള ഈ നടി സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് അഖിലുമായുള്ള വിവാഹം. വിവാഹത്തിനു ശേഷം അമേരിക്കയില്‍ സെറ്റില്‍ഡ് ആയ താരം സിനിമയില്‍നിന്നും പൂര്‍ണമായും വിട്ടുനിന്നു. ഇപ്പോള്‍ നീണ്ട ഇടവേളയ്ക്ക് വിരാമമിട്ടുകൊണ്ട് സംവൃത തിരിച്ചുവരവിനൊരുങ്ങുകയാണ്.

എന്നാല്‍ സിനിമയിലേയ്ക്കല്ല. മിനി സ്‌ക്രീനിലൂടെയാണ് സംവൃത തന്റെ തിരിച്ചുവരവ് നടത്തുന്നത്. മഴവില്‍ മനോരമ ഒരുക്കുന്ന ഒരു നായികാ നായകന്‍ എന്ന പരിപാടിയിലൂടെയാണ് സംവൃത വീണ്ടുമെത്തുന്നത്.

കണ്ണൂര്‍ സ്വദേശിയായ സംവൃതയുടെ ഭര്‍ത്താവ് കാലിഫോര്‍ണിയയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന അഖില്‍ ആണ്. കോഴിക്കോട് ആണ് അഖിലിന്റെ സ്വദേശം. എന്നാല്‍ ഇതിനിടയില്‍ ചില അസ്വാരസ്യങ്ങളെ തുടര്‍ന്ന് താരം വിവാഹ മോചനത്തിന് ശ്രമിക്കുന്നുവെന്നും വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു.

ഇതിനെതിരേ സംവൃത തന്നെ രംഗത്തെത്തിയിരുന്നു. ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം സന്തോഷവും സമാധാനകരവുമായ കുടുംബജീവിതം നയിക്കുകയാണ് താനെന്നും, റൂമറുകള്‍ അവഗണിയ്ക്കണമെന്നുമാണ് സംവൃത ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചത്. വിവാഹ മോചന വാര്‍ത്തയ്ക്ക് പിന്നാലെ അത് നിഷേധിച്ച് സംവൃതയുടെ കുടുംബവും രംഗത്തെത്തിയിരുന്നു…
എന്തായാലും താരത്തിന്റെ പുതിയ പ്രോഗ്രാം താമസിയാതെ ജനങ്ങള്‍ക്ക് മുന്നിലെത്തും.

SHARE