ജീവനു ഭീഷണി; സംസ്ഥാനത്ത് നൈട്രജന്‍ ഉപയോഗിച്ചുള്ള ഉല്‍പ്പന്നങ്ങളും പാനീയങ്ങളും നിരോധിച്ചു

തിരുവനന്തപുരം: നൈട്രജന്‍ ഉപയോഗിച്ചുള്ള ഐസ്‌ക്രീം ഉല്‍പ്പന്നങ്ങളും പാനീയങ്ങളും സംസ്ഥാനത്ത് നിരോധിച്ചു. ഇവ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.

ദ്രവീകരിച്ച നൈട്രജന്‍ ഉപയോഗിച്ച് അതിശീതീകരണം നടത്തിയ ഐസ്‌ക്രീമുകള്‍ അടുത്ത കാലത്ത് കേരളത്തില്‍ പ്രചാരം നേടിയിരുന്നു. ദ്രവീകരിച്ച നൈട്രജന്‍ അതിവേഗം ബാഷ്പമാവുന്നതിനാല്‍ പുകമഞ്ഞ് ഐസ്‌ക്രീം എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. എന്നാല്‍ നൈട്രജന്‍ ചേര്‍ത്തുള്ള ഐസ്‌ക്രീം ആരോഗ്യത്തിന് വലിയ ദോഷം ചെയ്യുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നതോടെയാണ് ഇത് കൂടുതല്‍ ചര്‍ച്ചയായത്.

എന്നാല്‍ നൈട്രജന്‍ ആരോഗ്യത്തിന് ദോഷകരമാവുന്ന മൂലകമല്ലെന്നും പക്ഷേ ദ്രവീകരിച്ച നൈട്രജന്‍ പൂര്‍ണമായി ബാഷ്പീകരിക്കുന്നതിന് മുന്‍പ് ആഹാരം കഴിച്ചാല്‍ അപകടമുണ്ടായേക്കുമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നു.

SHARE