മരണമൊഴി തിരുത്തി യുവതിയുടെ കൊലപാതകം ആത്മഹത്യയാക്കിമാറ്റി പോലീസ്

തൃശ്ശൂര്‍: യുവതിയുടെ കൊലപാതകം ആത്മഹത്യയാക്കി മാറ്റി പോലീസ് അട്ടിമറിച്ചതായി പരാതി. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി എന്ന യുവതിയുടെ മരണ മൊഴിയാണ് പോലീസ് തിരുത്തിയതെന്നാണ് ആരോപണം. ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരേ ദേശമംഗലത്തെ യുവതി മൊഴി നല്‍കിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
പോലീസ് ആത്മഹത്യ എന്ന് എഴുതി തള്ളിയ റിനിയുടെ മരണത്തിന് ഏതാനും ദിവസം മുമ്പെടുത്ത ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഭര്‍ത്താവും വീട്ടുകാരും സ്ത്രീ ധനത്തിന്റെ പേരില്‍ തന്നെ മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നുവെന്ന റിനിയുടെ മൊഴി മാത്രം മതി കേസെടുക്കാന്‍. എന്നാല്‍ ഭര്‍ത്താവും അമ്മയും സഹോദരിമാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന്റെ മനോവിഷമത്തില്‍ സ്വയം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി എന്നാണ് പോലീസ് രേഖപ്പെടുത്തിയ മൊഴി.
മരണമൊഴി ശക്തമായി നിലനില്‍ക്കെയാണ് ആത്മഹത്യയായി മരണം മാറ്റിയത്. തന്റെ മുന്നില്‍ വെച്ച് മകള്‍ കൊടുത്ത മൊഴിയാണ് പോലീസ് മാറ്റിയെഴുതിയതെന്ന് അമ്മ ആരോപിക്കുന്നു.
മാര്‍ച്ച് 5നാണ് റിനിക്ക് കൊണ്ടയൂരിലെ ഭര്‍ത്യവീട്ടില്‍ വെച്ച് പൊള്ളലേല്‍ക്കുന്നത്. ചികിത്സയിലിരിക്കെ മാര്‍ച്ച് 18നാണ് റിനി മരിക്കുന്നത്. സംഭവത്തില്‍ റിനിയുടെ ഭര്‍ത്താവ് സാജുവിനും അമ്മയ്ക്കും സഹോദരിക്കുമെതിരേ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തതായി പോലീസ് പറയുന്നു.
കേസില്‍ കൊലപാതക കുറ്റം ചുമത്തി കേസെടുക്കണമെന്ന് റിനിയുടെ അമ്മ റൂബി മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും വനിത കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.

SHARE