അവതാരകന്‍ കമല്‍ ഹാസന്‍ തന്നെ… വരുന്നു ബിഗ്‌ബോസ് സീസണ്‍ 2

തമിഴ് ചാനലായ വിജയ് ടിവിയില്‍ സംപ്രേഷണം ചെയ്ത വിവാദ പരിപാടി ബിഗ്ബോസിന്റെ സീസണ്‍ 2 വരുന്നു. ആദ്യ സീസണില്‍ അവതാരകനായി എത്തിയ കമല്‍ഹാസന്‍ തന്നെയാണ് രണ്ടാം സീസണിലും അവതാരകനായി എത്തുന്നത്. ഷോയുടെ പ്രൊമോഷന്‍ വീഡിയോ ഷൂട്ടിന്റെ തിരക്കിലാണ് കമലിപ്പോള്‍. ആരൊക്കെയാകും ഇത്തവണ പങ്കെടുക്കുമെന്ന കാര്യം വ്യക്തമല്ല.

ആദ്യ സീസണില്‍ ജനങ്ങളുടെ മനസ്സ് കീഴടക്കിയവരാണ് മലയാളിയായ ഓവിയയും ഭരണിയും. അതേസമയം ആ പരിപാടിയിലൂടെ ഒട്ടേറെ വെറുപ്പ് സമ്പാദിച്ചവരും ഉണ്ടായിരുന്നു. നടന്‍ ശക്തി, ഗായത്രി, ജൂലി, നമിത എന്നിവരായിരുന്നു പ്രേക്ഷകര്‍ പ്രധാന ശത്രുവായി കണ്ടിരുന്നത്. ശ്രീ, അനുയ, ഭഗവത്, റൈസ വില്‍സണ്‍, സ്നേഹന്‍, ആര്‍തി ഗണേഷ്, ആരവ്, കഞ്ചാ കറുപ്പ്, ഗണേഷ് വെങ്കടരാമന്‍, വയ്യാപുരി തുടങ്ങിയവരാണ് മറ്റ് മത്സരാര്‍ത്ഥികള്‍.

വിശ്വരൂപം 2, സഭാഷ് നായിഡു, ഇന്ത്യന്‍ എന്നീ സിനിമകളാണ് കമലിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2വോടെ കമല്‍ സിനിമ വിടുമെന്നാണ് കരുതുന്നത്. പിന്നീട് മുഴുനീള രാഷ്ട്രീയക്കാരനാകാനാണ് തീരുമാനം.

SHARE