മുതിര്‍ന്ന തലമുറ യുവതലമുറയുടെ ആര്‍ജവം കണ്ട് പഠിക്കണം; പുരസ്‌കാര വിവാദത്തില്‍ വിമര്‍ശനവുമായി കമല്‍

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാരം വിവേചനപരമായി നടത്താനുള്ള കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് പുരസ്‌കാര ദാനച്ചടങ്ങ് ബഹിഷ്‌കരിച്ച ചലച്ചിത്ര പ്രവര്‍ത്തകരെ അഭിനന്ദിച്ച് സംസ്ഥാന ചലച്ചിത്ര അക്കാദമമി ചെയര്‍മാന്‍ കമല്‍. പുരസ്‌കാര ദാനച്ചടങ്ങ് ബഹിഷ്‌കരിക്കാതിരുന്നവരെ അദ്ദേഹം വിമര്‍ശിച്ചു. ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ യുവതലമുറ കാണിച്ച ആര്‍ജവം മാതൃകയാണ്. മുതിര്‍ന്ന തലമുറ യുവതലമുറയുടെ ആര്‍ജവം കണ്ട് ബോധ്യപ്പെടണമെന്നും അദ്ദേഹം പ്രതികരിച്ചു.

പുരസ്‌കാരം നല്‍കുന്നതിലെ വിവേചനം ചൂണ്ടിക്കാട്ടി വിവിധഭാഷകളിലായി അറുപത്തിയാറോളം സിനിമാ പ്രവര്‍ത്തകര്‍ ചടങ്ങു ബഹിഷ്‌കരിച്ചു. 11 പേര്‍ക്കൊഴികെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് നേരിട്ടു പുരസ്‌കാരം നല്‍കില്ലെന്ന തീരുമാനമാണ് വിവാദമായത്. ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂറിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലും സ്മൃതി ഇറാനി നിലപാട് മയപ്പെടുത്താതിരുന്ന സാഹചര്യത്തിലാണ് പുരസ്‌കാര ജേതാക്കള്‍ ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. കേരളത്തില്‍നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധമുയര്‍ത്തിയത്.

മലയാളത്തില്‍ നിന്ന് ജയരാജും, യേശുദാസും, നിഖില്‍ എസ് പ്രവീണും നവാഗത സംവിധായകനുള്ള അവാര്‍ഡ് ലഭിച്ച സന്ദീപ് പാമ്പള്ളിയും മാത്രമാണ് പുരസ്‌കാരം സ്വീകരിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular