സ്മൃതി ഇറാനിയുടെ ധാര്‍ഷ്ട്യം സഹിക്കാവുന്നതിലും അപ്പുറം; ബി.ജെ.പി ഇത് ഗൗരവകരമായി കാണണം; കേന്ദ്ര സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് മേജര്‍ രവി

ന്യുഡല്‍ഹി: ഞാന്‍ തീരുമാനിക്കുന്നതുപോലെയാണ് കാര്യങ്ങള്‍ എന്ന സ്മൃതി ഇറാനിയുടെ ധാര്‍ഷ്ട്യം തെറ്റാണെന്ന് സംവിധായകന്‍ മേജര്‍ രവി. ദേശീയ പുരസ്‌കാര വിതരണ ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ പ്രതികരിക്കുകയായിരിന്നു മേജര്‍ രവി. ഒരു മന്ത്രി എന്ന നിലയില്‍ ജനങ്ങളുടെ ക്ഷേമമാണ് ലക്ഷ്യം വയ്ക്കുന്നതെങ്കില്‍ പതിനൊന്നു പേര്‍ ഒഴികെയുള്ളവര്‍ക്ക് അവാര്‍ഡ് നല്‍കാന്‍ ഉപരാഷ്ട്രപതിയോട് ആവശ്യപ്പെടേണ്ടത് സ്മൃതി ഇറാനിയുടെ കടമയായിരുന്നു അദ്ദേഹം പറഞ്ഞു.

അവാര്‍ഡ് ദാനം കഴിഞ്ഞ് രാഷ്ട്രപതിയുടെ കൂടെ നിന്ന് ഫോട്ടോ എടുക്കാം എന്നു പറയുന്നത് മന്ത്രിയുടെ ധാര്‍ഷ്ട്യമാണ്. ഫോട്ടോ ഇന്ന് ഫോട്ടോഷോപ്പില്‍ വേണമെങ്കിലും ചെയ്യാം. അതിന് ഇവരുടെ ഔദാര്യത്തിന്റെ ആവശ്യമില്ല. ഏത് സര്‍ക്കാരിന്റെ ഏത് മന്ത്രിയാണെങ്കിലും ഇത്തരത്തിലുള്ള ധാര്‍ഷ്ട്യം സഹിക്കാന്‍ ജനങ്ങള്‍ക്ക് പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ ധാര്‍ഷ്ട്യത്തെ ബി.ജെ.പി ഗൗരവകരമായി എടുക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ന്യൂസ് നൈറ്റില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സാധാരണനിലയില്‍ ഇന്ത്യയില്‍ ദേശീയ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നത് രാഷ്ട്രപതിയാണ്. ഇതാദ്യമായാണ് കേന്ദ്രമന്ത്രി അവാര്‍ഡ് വിതരണം ചെയ്യണമെന്ന നയവുമായി സര്‍ക്കാര്‍ മുന്നോട്ടെത്തിയിരിക്കുന്നത്.

അവാര്‍ഡ് വാങ്ങാനെത്തിയ എല്ലാ പുരസ്‌കാര ജേതാക്കള്‍ക്കും ലഭിച്ച ഔദ്യോഗിക കത്തില്‍ രാഷ്ട്രപതി ആണ് പുരസ്‌കാര വിതരണം നടത്തുന്നത് എന്നാണുള്ളത്. അതേസമയം പുരസ്‌കാരം സ്വീകരിക്കുന്ന ചടങ്ങിന്റെ റിഹേര്‍സല്‍ ക്യാംപില്‍ വച്ചാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാകും ബാക്കി അവാര്‍ഡുകള്‍ നല്‍കുക എന്ന പ്രഖ്യാപനം ഉണ്ടായത്.

ഇതോടെയാണ് ചടങ്ങിനെത്തിയ പുരസ്‌കാര ജേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതേത്തുടര്‍ന്ന് സ്മൃതി ഇറാനി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്താന്‍ എത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിലപാട് തിരുത്താന്‍ തയ്യാറാകാതിരുന്നതോടെ പുരസ്‌കാരജേതാക്കള്‍ ചടങ്ങ് ബഹിഷ്‌കരിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

അടിവസ്ത്ര വ്യാപാരിയില്‍ നിന്ന് വരെ കുനിഞ്ഞ് നിന്ന് പുരസ്‌കാരങ്ങള്‍ വങ്ങുന്നവര്‍ക്ക് സ്മൃതി ഇറാനിയില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കാന്‍ കഴിയില്ലെന്ന് പറയുന്നതിന്റെ യുക്തി മനസിലാകുന്നില്ല: ജോയ് മാത്യു

Similar Articles

Comments

Advertismentspot_img

Most Popular