ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ച മുസ്ലീം യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു…!

ബിക്കാനീര്‍: ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ മുസ്ലിം യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദിച്ചു കൊലപ്പെടുത്തി. രാജസ്ഥാനിലെ ബിക്കാനീറില്‍ ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. സെയ്ഫ് അലി എന്ന ഇരുപത്തിരണ്ടുകാരനാണു കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച രാത്രി പെണ്‍കുട്ടിയെ കാണാന്‍ പോയ സെയ്ഫിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പിടികൂടുകയും, കാറില്‍ വീട്ടില്‍നിന്നു കുറച്ച് അകലെയുള്ള കര്‍നി വ്യവസായ മേഖലയിലേക്കു കൊണ്ടുപോയി മര്‍ദിക്കുകയുമായിരുന്നു. സെയ്ഫിന്റെ രണ്ടു കാലുകളും തല്ലിയൊടിച്ചശേഷം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാവിനെ സമീപത്തെ മലിന ജലാശയത്തില്‍ ഉപേക്ഷിച്ചു. രാത്രിതന്നെ ഇയാളെ ആശുപത്രിയില്‍ എത്തിക്കാനായെങ്കിലും ബുധനാഴ്ച രാവിലെ മരിച്ചെന്ന് ബിക്കാനീര്‍ പോലീസ് സൂപ്രണ്ടന്റ് പറഞ്ഞു.

യഥാര്‍ഥ മരണകാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം മാത്രമേ വ്യക്തമാകൂ. പ്രണയബന്ധത്തെ തുടര്‍ന്നാണു കൊലപാതകമെന്നു പോലീസ് സ്ഥിരീകരിച്ചു. യുവാവിന്റെ മാതാപിതാക്കളുടെ പരാതിയില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കളുടെ ഏക മകനായിരുന്നു സെയ്ഫ്.

SHARE