കര്‍ണാടക തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് 128 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും; ബിജെപിക്ക് വന്‍ തിരിച്ചടിയാകുമെന്നും അഭിപ്രായ സര്‍വേ

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയാകുമെന്ന് സി ഫോര്‍ അഭിപ്രായ സര്‍വ്വേഫലം. 224 അംഗ കര്‍ണാടക നിയമസഭയില്‍ 118മുതല്‍ 128 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. മോദിയുടെ പ്രചരണം ചൂടുപിടിക്കുമ്പോഴാണ് ബിജെപിക്ക് തിരിച്ചടിയായി സി ഫോര്‍ അഭിപ്രായ സര്‍വ്വേഫലം പുറത്തു വന്നിരിക്കുന്നത്. ഏപ്രില്‍ 20മുതല്‍ 30 വരെ നടത്തിയ അഭിപ്രായ സര്‍വേയാണ് ഇപ്പോള്‍ പുറത്തുവന്നത്. ബിജെപിയ്ക്ക് 63 മുതല്‍ 73 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്.

ബെംഗളൂരു, മഹാരാഷ്ട്രയോടടുത്ത് കിടക്കുന്ന ബോംബെ കര്‍ണാടക, തീരദേശ കര്‍ണാടക, ആന്ധ്രയോടടുത്തുള്ള ഹൈദരാബാദ് കര്‍ണാടക തുടങ്ങിയ മേഖലകള്‍ കോണ്‍ഗ്രസിനോടൊപ്പമാണെന്നും മധ്യകര്‍ണാടക ബിജെപിയ്ക്കൊപ്പമായിരിക്കുെമന്നും സര്‍വെ വിലയിരുത്തുന്നു. ജനതാദള്‍ എസിന് 29-36 സീറ്റുകള്‍ കിട്ടാന്‍ സാധ്യതയുണ്ട്. മുന്‍ മുഖ്യമന്ത്രി യെഡിയൂരപ്പയുടെ നേതൃത്വത്തിലാണ് ബിജെപി കര്‍ണാടകത്തില്‍ കച്ചമുറുക്കുന്നത്. പക്ഷേ അഴിമതി ആരോപണങ്ങള്‍ ബിജെപിക്ക് തലവേദനയാകുന്നു. ബെല്ലാരിയില്‍ ആയിരക്കണക്കിന് കോടികളുടെ അഴിമതി ആരോപണം നേരിടുന്ന റെഡ്ഡി സഹോദരന്‍മാര്‍ക്ക് സീറ്റു നല്‍കിയത് ബിജെപിക്ക് തിരിച്ചടിയാകുെമന്നാണ് നിലവില്‍ വിലയിരുത്തുന്നത്.

നരേന്ദ്രമോദി വീണ്ടും പ്രചാരണത്തില്‍ സജീവമാകുന്നതോടെ തെക്കേ ഇന്ത്യയിലും താമര വിരിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. സിദ്ധരാമയ്യ സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഇല്ലായെന്നതിന് തെളിവാകുകയാണ് സര്‍വെ ഫലങ്ങള്‍. പുറത്തുവന്ന സര്‍വെ ഫലങ്ങള്‍ മിക്കതും കോണ്‍ഗ്രസിന് അനുകൂലമാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കര്‍ണാടക ഇളക്കിമറിച്ചുള്ള പ്രചാരണമാണ് നടക്കുന്നത്. സമൂഹമാധ്യമങ്ങളിലിലൂടെയും ഇരുപാര്‍ട്ടിയും വമ്പന്‍പ്രചാരണമാണ് നടത്തുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular