ഫെയ്‌സ്ബുക്കിനു പിന്നാലെ ട്വിറ്ററിലും ഡേറ്റാ ചോര്‍ത്തല്‍

ലണ്ടന്‍: സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തി ഫെയ്‌സ്ബുക്കിനു പിന്നാലെ ഡേറ്റാ ചോര്‍ത്തല്‍ വിവാദത്തിലേക്കു ട്വിറ്ററും. ബ്രിട്ടിഷ് വിവര വിശകലന സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്ക ഫെയ്‌സ്ബുക്കില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചതിനു സമാന രീതിയിലാണു ട്വിറ്ററിലും വിവരച്ചോര്‍ച്ച നടന്നതെന്നാണു റിപ്പോര്‍ട്ടുകള്‍.

കേംബ്രിജ് സര്‍വകലാശാലയിലെ ഗവേഷകന്‍ അലക്‌സാണ്ടര്‍ കോഗന്‍ വികസിപ്പിച്ച ‘ദിസ് ഈസ് യുവര്‍ ഡിജിറ്റല്‍ ലൈഫ്’ എന്ന മൂന്നാംകക്ഷി ആപ്പിലൂടെയാണ് കേംബ്രിജ് അനലിറ്റിക്ക വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയത്. ഇതേ കോഗന്‍ സ്ഥാപിച്ച ഗ്ലോബല്‍ സയന്‍സ് റിസര്‍ച് (ജിഎസ്ആര്‍)എന്ന സ്ഥാപനം 2015ല്‍ ട്വിറ്ററില്‍ നിന്ന് ഉപയോക്താക്കളുടെ വിവരങ്ങള്‍ വാങ്ങിയിട്ടുണ്ടെന്ന് ‘ദ് സണ്‍ഡേ ടെലഗ്രാഫ്’ റിപ്പോര്‍ട്ട് ചെയ്തു. 2014 ഡിസംബര്‍ മുതല്‍ 2015 ഏപ്രില്‍ വരെയുള്ള ട്വീറ്റുകള്‍, യൂസര്‍നെയിം, പ്രൊഫൈല്‍ ചിത്രങ്ങള്‍, പോസ്റ്റു ചെയ്ത ചിത്രങ്ങള്‍, ലൊക്കേഷന്‍ വിവരങ്ങള്‍ തുടങ്ങിയവയാണു കോഗന്‍ സ്വന്തമാക്കിയത്.

എത്രപേരുടെ വിവരങ്ങളാണു ജിഎസ്ആര്‍ സ്വന്തമാക്കിയതെന്നു വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ‘ബ്രാന്‍ഡ് റിപ്പോര്‍ട്ട്’, ‘സര്‍വേ എക്‌സ്‌റ്റെന്‍ഡര്‍ ടൂള്‍സ്’ തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണു വിവരങ്ങള്‍ ശേഖരിച്ചതെന്നും ട്വിറ്റര്‍ നയങ്ങള്‍ മറികടന്നിട്ടില്ലെന്നും വാദമുണ്ട്. ഉപയോക്താക്കള്‍ പങ്കിടുന്ന ‘പൊതു അഭിപ്രായങ്ങള്‍’ ശേഖരിക്കാന്‍ കമ്പനികള്‍ക്കും സംഘടനകള്‍ക്കും പണം വാങ്ങി ട്വിറ്റര്‍ അനുവാദം നല്‍കിയിട്ടുണ്ട്. ഇവ പരസ്യങ്ങള്‍ക്കും ബ്രാന്‍ഡിങ്ങിനുമാണ് ഉപയോഗിക്കുന്നതെന്നു ട്വിറ്റര്‍ പറയുന്നു.

തങ്ങളുടെ നിയമങ്ങള്‍ അനുസരിക്കുന്നതിനാലാണ് കേംബ്രിജ് അനലിറ്റിക്കയ്ക്ക് ഇപ്പോഴും ട്വിറ്ററില്‍ തുടരാനാവുന്നതെന്നും കമ്പനി വക്താവ് വ്യക്തമാക്കി. രാഷ്ട്രീയ പരസ്യങ്ങള്‍ക്കു ട്വിറ്ററിനെ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ജിഎസ്ആറില്‍ നിന്നു യാതൊരു ഡേറ്റയും കൈപ്പറ്റിയിട്ടില്ലെന്ന് കേംബ്രിജ് അനലിറ്റിക്ക വക്താവ് പറഞ്ഞു. വിവര വിശകലന സ്ഥാപനമാണു കേംബ്രിജ് അനലിറ്റിക്കയെന്നും രാഷ്ട്രീയ നിലപാടുകള്‍ മാറ്റിമറിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.

ഫെയ്‌സ്ബുക് വഴി ലോകമാകെ 8.70 കോടി പേരുടെ വ്യക്തിവിവരങ്ങളാണു നഷ്ടപ്പെട്ടത്. ഏറ്റവുമധികം യുഎസില്‍; 7.06 കോടി പേര്‍. 5.64 ലക്ഷം പേരുടെ സ്വകാര്യവിവരങ്ങള്‍ നഷ്ടമായ ഇന്ത്യ ഇക്കാര്യത്തില്‍ ഏഴാം സ്ഥാനത്താണ്. വ്യക്തികളുടെ താല്‍പര്യങ്ങള്‍, അഭിരുചികള്‍, ഇഷ്ടങ്ങള്‍, ബന്ധങ്ങള്‍ എന്നിവയടങ്ങിയ വിവരശേഖരമാണു ചോര്‍ത്തിയത്.

SHARE