ഇന്ത്യാ – പാക് ക്രിക്കറ്റ് പരമ്പരയ്ക്ക് വീണ്ടും ചിറക് മുളയ്ക്കുന്നു

ഇസ്ലാമാബാദ്: നിലച്ചുപോയ ഇന്ത്യാ -പാക് ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കണമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്. 2014ല്‍ ഒപ്പുവെച്ച കരാര്‍ ബിസിസിഐ പാലിക്കണമെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടു.
ഇരുരാജ്യങ്ങളും തമ്മില്‍ 2015നും 2023നും ഇടയിലായി നടക്കേണ്ടിയിരുന്ന എട്ട് വര്‍ഷത്തെ ഉഭയകക്ഷി ക്രിക്കറ്റ് പരമ്പരകള്‍ ഇന്ത്യ മാനിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ പാകിസ്താന് 60 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് പാകിസ്താന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയെ സമീപിച്ചിരുന്നു.

ഭാവിയിലെ പരമ്പര സംബന്ധിച്ച മുന്‍ തീരുമാനങ്ങള്‍ ബിസിസിഐ അംഗീകരിക്കുന്നില്ല എന്നാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രധാന ആരോപണം. യുഎഇ പോലെയുള്ള നിഷ്പക്ഷ വേദിയില്‍ കുറഞ്ഞത് രണ്ടു അവേ പരമ്പരയെങ്കിലും ഇന്ത്യ കളിക്കണമെന്നത് ഇന്ത്യ മാനിക്കുന്നില്ലെന്നാണ് ആരോപണം.

രാഷ്ട്രീയം മുന്‍ നിര്‍ത്തി ഇന്ത്യാഗവണ്‍മെന്റാണ് പാകിസ്താനുമായി ക്രിക്കറ്റ് ബന്ധം വേണ്ടെന്ന തീരുമാനം എടുത്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നതിനാല്‍ ബിസിസിഐയ്ക്ക് അത് പിന്തുടരുകയല്ലാതെ വേറെ മാര്‍ഗ്ഗവുമില്ല.

ഇന്ത്യാ പാകിസ്താന്‍ മത്സരങ്ങള്‍ നടന്നില്ലെങ്കിലും ഇന്ത്യയ്ക്ക് കാര്യമായ നഷ്ടമില്ല. എന്നാല്‍ പാകിസ്താന്റെ സ്ഥിതി അതല്ല. സുരക്ഷാ വിഷയം മുന്‍ നിര്‍ത്തി മറ്റ് അന്താരാഷ്ട്ര ടീമുകള്‍ പങ്കെടുക്കാന്‍ എത്താത്തതിനാല്‍ പാകിസ്താന് കാര്യമായ നഷ്ടമുണ്ടാകുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് ഏഷ്യാകപ്പ് പോലെ വിവിധ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് ഒഴിച്ച് ഇന്ത്യാ പാക് പരമ്പരകള്‍ക്ക് യാതൊരു സാധ്യതയുമില്ലെന്ന് ബിസിസിഐ പറയുന്നു.

SHARE